| Thursday, 6th April 2023, 5:45 pm

നരേന്ദ്ര മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള, ജനപ്രിയനായ മറ്റൊരു നേതാവ് ലോകത്തൊരിടത്തുമില്ല: അനില്‍ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജനപ്രിയനായ നേതാവ് ലോകത്തൊരിടത്തുമില്ലെന്ന് എ.കെ. ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ തലവനുമായിരുന്ന അനില്‍ ആന്‍ണി. ബി.ജെ.പി നേതാക്കള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നരേന്ദ്ര മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള, ജനപ്രിയനായ മറ്റൊരു നേതാവ് ഇന്ന് ഇന്ത്യയിലില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊരിടത്തുമില്ല.

കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനേക്കാളും, ചൈനീസ് പ്രസിഡന്റിനേക്കാളും യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരേക്കാളും ലോകത്തെല്ലായിടത്തും ജനപ്രിയനായ നേതാവാണദ്ദേഹം.

അദ്ദേഹം അഴിമതി രഹിതനാണെന്നും എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ച് വലിയ കാഴ്ചപ്പാടുകളുണ്ട്.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ ഇന്ത്യയില്‍ നിന്നും വികസിതരാജ്യമാക്കാനുള്ള കാഴ്ചപ്പാടുകള്‍ നരേന്ദ്ര മോദിജിക്കുണ്ട്. അദ്ദേഹം രാഷ്ട്രത്തിന് വേണ്ടിയും ബി.ജെ.പിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു,’ അനില്‍ ആന്റണി പറഞ്ഞു.

കെ.സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇന്ന് വ്യക്തികളിലേക്ക് ചുരുങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യതാല്‍പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ടു മൂന്നു വ്യക്തികളുടെ കാര്യങ്ങളില്‍ മാത്രമാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്.

ഒന്നു രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് ഒരുപാട് സംഭവങ്ങളുണ്ടായി. ഈ സാഹചര്യങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന നേതാക്കള്‍ രാജ്യതാല്‍പര്യത്തിനെതിരായി നില്‍ക്കുന്നവരുമായി സന്ധിച്ചേരാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ബി.ബി.സി ഡോക്യുമെന്ററി ഉദാഹരണമാണ്.

ഇന്ന് രണ്ട് മൂന്ന് വ്യക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മാറി,’ അദ്ദേഹം പറഞ്ഞു.

എന്റെ പദവികളില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ രണ്ട് മൂന്ന് മാസം നന്നായി ആലോചിച്ചുവെന്നും അതിന് മുമ്പും ബി.ജെ.പിയെ വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.

വ്യാഴാഴ്ച പിയൂഷ് ഗോയലിന്റെ കയ്യില്‍ നിന്നാണ് അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി ആസ്ഥാനത്ത് കെ.സുരേന്ദ്രനും, വി.മുരളീധരനുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

content highlight: anil antony about narendra modi

We use cookies to give you the best possible experience. Learn more