ന്യൂദല്‍ഹി: പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഈ വര്‍ഷം മാത്രം അഹമദാബാദ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസുകളുടെ എണ്ണം 28. റാഫേലിനെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിച്ചാണ് അംബാനി നല്‍കിയ മിക്ക കേസുകളും.
ജനുവരി 2018 മുതല്‍ അംബാനിയുടെ കീഴിലുള്ള നാലു കമ്പനികളില്‍ നിന്നായി 28 കേസുകളാണ് അഹമദാബാദിലെ വിവിധ കോടതികളിലായി നല്‍കിയിരിക്കുന്നത്. ഇതില്‍ എട്ടു കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെയാണ്. അതേസമയം വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും 20 കേസുകളുമാണ് ഇതുവരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Also Read രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ തല്ല്
അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളായ ഫൈനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ് ഇന്ത്യന്‍ മാധ്യമങ്ങളായ ദി എക്കണോമിക് ടൈംസ്, ദി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ദി വീക്ക്, ദി ട്രൈബ്യൂണ്‍, ദി വയര്‍, എന്‍.ഡി.ടി.വി എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് റിലയന്‍സ് അപകീര്‍ത്തി കേസ് കൊടുത്തിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കളില്‍ കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ക്കതിരെയും നിലവില്‍ റിലയന്‍സ് കേസ് നല്‍കിയിട്ടുണ്ട്.
റഫേല്‍ കരാര്‍, 2017ല്‍ മുകേഷ് അംബാനിയുമായി അനില്‍ അംബാനി നടത്തിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വില്‍പനകള്‍ എന്നിവ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളുടെയും റിപ്പോര്‍ട്ടുകളുമാണ് കേസിലേക്ക് നയിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു.
മറ്റുള്ള സംസ്ഥാനത്തിലെ അപേക്ഷിച്ച് അഹമദാബാദ് കോടതികളില്‍ അപകീര്‍ത്തി കേസ് നല്‍കാനുള്ള ഏറ്റവും കൂടിയ ചിലവ് 75,000 രൂപ മാത്രമാണ്. ഗുജറാത്ത് കോര്‍ട്ട് ഫീ ആക്ട് 2004 പ്രകാരമുള്ള ഈ ആനുകൂല്യം കാരണം അനില്‍ അംബാനി മുതല്‍ ജയ് ഷാ വരെ അഹമദാബാദ് കോടതികളിലാണ് അപകീര്‍ത്തി കേസ് നല്‍കാറുള്ളത്.
റിലയന്‍സ് ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് എന്‍.ഡി.ടി.വിയില്‍ നിന്നാണ്. 10,000 രൂപയാണ് റാഫേലല്‍ കരാറിനെക്കുറിച്ചുള്ള എന്‍.ഡി.ടി.വി നല്‍കിയ റിപ്പോര്‍ട്ടിന് നഷ്ടപരിഹാരമായി റിലയന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. 16 കേസുകളിലേതായി മൊത്തം 80,500 കോടി രൂപയുടെ നഷ്ടപരിഹാരമാണ് റിലയന്‍സ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു 11 കേസുകളിലെ നഷ്ടപരിഹാരത്തുക വ്യക്തമല്ല.