കടബാധ്യത: പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്
national news
കടബാധ്യത: പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 9:43 pm

മുംബൈ: പണമില്ലെന്ന് കാണിച്ച് പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായും പിന്‍മാറാനും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. 2017 ജൂണ്‍ രണ്ടിനാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടര്‍ന്ന് പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.


18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കമ്പനി പാപ്പര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയാണെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ടെലികോം നിരക്കുകള്‍ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. എന്നാല്‍ പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനിയുടെ മൊബൈല്‍ ബിസിനസ്, സ്പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവ മുകേഷ് അംബാനിയുടെ ജിയോ ഏറ്റെടുത്തിരുന്നു.


45,000 കോടി രൂപയുടെ കടബാധ്യതയുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് രക്ഷപ്പെടാനുള്ള അവസാന അവസരമായിരുന്നു ഇത്. കമ്പനിയുടെ കടബാധ്യതയില്‍ നല്ലൊരു പങ്ക് അടച്ചുതീര്‍ക്കാനായിരുന്നു ജിയോയില്‍നിന്ന് ലഭിച്ച തുക റിലയന്‍സ് വിനിയോഗിച്ചിരുന്നത്.

കടബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി ആസ്തി വില്‍പ്പന പാക്കേജ് നടപ്പാക്കുമെന്ന് അനില്‍ അംബാനി നേരത്തെ പറഞ്ഞിരുന്നു. റിലയന്‍സിന്റെ ഡി.ടി.എച്ച് ബിസിനസായ ബിഗ് ടി.വി കടബാധ്യത കാരണം 2017ല്‍ പൂട്ടിയിരുന്നു.