ടി.വി ചാനലിന് പിന്നാലെ അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ക്കൂടി അടച്ചുപൂട്ടുന്നു; പൂട്ടുന്നത് വരുമാനമുള്ള പ്രധാന കമ്പനികള്‍
national news
ടി.വി ചാനലിന് പിന്നാലെ അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ക്കൂടി അടച്ചുപൂട്ടുന്നു; പൂട്ടുന്നത് വരുമാനമുള്ള പ്രധാന കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2019, 9:00 am

ഓഗസ്റ്റ് 31നാണ് വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി ചാനല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ രണ്ട് കമ്പനികള്‍ക്കൂടി അടച്ചുപൂട്ടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ വായ്പാ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തുകയാണെന്ന് അനില്‍ അംബാനി ഓഹരി ഉടമകളെ അറിയിച്ചു.

മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് അനില്‍ അംബാനി ഇക്കാര്യം അറിയിച്ചത്. ഇരു കമ്പനികളുടെയും വായ്പകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) പൂട്ടിയ ശേഷം അനില്‍ അംബാനി ഗ്രൂപ്പിന്റെ കീഴില്‍ വരുമാനമുള്ള പ്രധാന കമ്പനികളായിരുന്നു ഇവ. ഇരുകമ്പനികള്‍ക്കുമായി ഏകദേശം 25,000കോടി രൂപയുടെ ആസ്തികളാണുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ പ്രീമിയര്‍ ഇംഗ്ലീഷ് ബിസിനസ് ചാനലായ ബിസിനസ് ടെലിവിഷന്‍ ഓഫ് ഇന്ത്യയാണ് അനില്‍ അംബാനിയുടെ സംപ്രേക്ഷണം നിര്‍ത്തിയ ചാനല്‍. സംപ്രേക്ഷണം നിര്‍ത്തുകയാണെന്നും ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല.

ബിസിനസ് ചാനലുകളില്‍ ബാര്‍ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ചാനല്‍ അടച്ചുപൂട്ടിയത്. 2012ലാണ് ചാനല്‍ അനില്‍ അംബാനി സ്വന്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ