റഫാല്‍ ഇടപാടില്‍ ആരോപണമുന്നയിച്ച ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റിലയന്‍സ് പിന്‍വലിക്കുന്നു
അഹമ്മദാബാദ്: റഫാല്‍ വിവാദത്തില്‍ തനിക്കെതിരേ ആരോപണമുന്നയിച്ച ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. അയ്യായിരം കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീര്‍ത്തിക്കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരേ അവര്‍ നല്‍കിയിരിക്കുന്നത്.
അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുകള്‍. തങ്ങള്‍ കേസുകള്‍ പിന്‍വലിക്കാന്‍ പോകുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകന്‍ രസേഷ് പരീഖ് പറഞ്ഞു. ഇക്കാര്യം ഹെറാള്‍ഡിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും അഭിഭാഷകന്‍ പി.എസ് ചമ്പനേരി സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞശേഷം കോടതി കൂടുമ്പോള്‍ കേസ് പിന്‍വലിക്കാനാണു തീരുമാനം.
ഉമ്മന്‍ ചാണ്ടിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, സുനില്‍ ജാഖര്‍, അശോക് ചവാന്‍, അഭിഷേക് മനു സിങ്‌വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹില്‍ തുടങ്ങിയവര്‍ക്കെതിരേയും നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുമായിരുന്നു അപകീര്‍ത്തിക്കേസ് നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയല്‍ ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ സഫര്‍ ആഗ, വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് എന്നിവര്‍ക്കെതിരേയും കേസുണ്ട്. റഫാല്‍ ഇടപാട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിശ്വദീപക് എഴുതിയത്.
വേനലവധിക്കു പോകുന്നതിനുമുന്‍പ് കേസില്‍ കോടതി വാദം കേട്ടിരുന്നു. റിലയന്‍സിനും അനിലിനുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതില്‍ ആരോപിക്കുന്നു.