| Thursday, 26th July 2018, 8:00 am

'റാഫേല്‍ കരാറില്‍ കേന്ദ്രത്തിന് യാതൊരു പങ്കുമില്ല; കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരം': രാഹുലിന് അനില്‍ അംബാനി അയച്ച കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. റാഫേല്‍ ജെറ്റ് കരാര്‍ ലഭിക്കുന്നതിന് റിലയന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്നാണ് കത്തില്‍ പറയുന്നത്.

ഗാന്ധി കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. കോണ്‍ഗ്രസ് നടത്തുന്ന ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയന്‍സ് ഡിഫന്‍സ് വിഭാഗത്തിനാണെന്നും അംബാനി കത്തില്‍ പറയുന്നു.

കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അംബാനി രാഹുലിന് കത്തെഴുതിയതെന്ന് കരുതുന്നു.


ALSO READ; പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; പാകിസ്ഥാനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; 112 സീറ്റുമായി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാനി തെഹ്‌രീക് ഇ-ഇന്‍സാഫ് മുന്നേറുന്നു


റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സില്‍ നിര്‍മിച്ച 36 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ല അദ്ദേഹം കത്തില്‍ പറയുന്നു. രാഹുലിനു പുറമെ രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഇതേ കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനം നിര്‍മ്മിച്ച് പരിചയമില്ലാത്ത വ്യവസായിയെ റാഫേല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി.

കോടിക്കണക്കിന് രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ യു.പി.എ സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രാഹുലിന് മറുപടിയും നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more