| Saturday, 26th September 2020, 1:33 pm

'എനിക്ക് ഒരു കാറേ ഉള്ളു, ആഭരണങ്ങള്‍ വിറ്റാണ് കോടതി നടപടികള്‍ക്ക് പണം കണ്ടെത്തുന്നത്'; ലണ്ടണ്‍ കോടതിയില്‍ അനില്‍ അംബാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി കോടതിയില്‍. ലണ്ടണിലെ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്.

താന്‍ വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണ്. ഒരു കാര്‍ മാത്രമേ ഉള്ളു. ലക്ഷ്വറി കാര്‍ ആയ റോള്‍സ് റോയ്‌സ് ഉണ്ടെന്ന് പറയുന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍ കാര്യമില്ലെന്നും താനും ഭാര്യയും ഇപ്പോള്‍ ഒരു ആര്‍ഭാടവുമില്ലാതെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ അംബാനിയും കുടുംബവും ചുരുങ്ങിയ ചെലവിലാണ് ജീവിക്കുന്നത്, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അംബാനിക്ക് വേണ്ടി കേസ് നടത്തുന്നത്.

കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.

2020 ജനുവരിക്കും ജൂണിനുമിടയില്‍ തന്റെ ആഭരണങ്ങള്‍ മുഴുവന്‍ വിറ്റപ്പോള്‍ 9.9 കോടി ലഭിച്ചെന്നും ഇത് വെച്ചാണ് കേസ് നടത്തുന്നതെന്നുമാണ് അനില്‍ അംബാനി പറഞ്ഞത്.

മൂന്ന് ചൈനീസ് ബാങ്കുകള്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരെ ലണ്ടണ്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇന്‍ടസ്ട്രിയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡിവലപ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകളാണ് കേസ് നല്‍കിയത്.

കഴിഞ്ഞ മെയ് 22ന് ചൈനീസ് ബാങ്കുകള്‍ക്ക് 5821 കോടി രൂപയും അവരുടെ നിയമ നടപടികള്‍ക്കായി 7 കോടിയും നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Ambani informs Landon Court that he sold jewellery to pay legal fees

We use cookies to give you the best possible experience. Learn more