ഡോ. ബിജുവിന്റെ സംവിധാനത്തില്‍ എത്തിയ നാലാമത് ചിത്രമാണ് ‘ആകാശത്തിന്റെ നിറം’. 2010ലെ ദേശീയ പുരസ്‌കാരം നേടിയ ‘വീട്ടിലേക്കുള്ള വഴി’ എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു അദ്ദേഹം. അമ്പലക്കര ഗ്ലോബല്‍ ഫിലിംസ് നിര്‍മിച്ച ഈ സിനിമ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ നാല് പേരുടെ കഥയാണ് പറഞ്ഞത്.
ഇന്ദ്രജിത്ത് സുകുമാരന്‍, നെടുമുടി വേണു, അമല പോള്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സി.ജെ. കുട്ടപ്പന്‍, സലാം, മാസ്റ്റര്‍ ഗോവര്‍ധന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ സിനിമയില്‍ പൃഥ്വിരാജ് സുകുമാരനും അഭിനയിച്ചിരുന്നു.
ഇന്ദ്രജിത്തിന്റെ പടമായത് കൊണ്ട് പൃഥ്വിരാജ് പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന് പറയുകയാണ് നിര്‍മാതാവ് അനില്‍ അമ്പലക്കര. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആകാശത്തിന്റെ നിറം എന്ന സിനിമയുടെ മുമ്പ് ഡോ. ബിജു സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു വീട്ടിലേക്കുള്ള വഴി. അതില്‍ പൃഥ്വിരാജായിരുന്നു നായകനായത്. ആ സിനിമ നാഷണല്‍ ലെവലില്‍ അംഗീകരിക്കപ്പെട്ട ഒരു സിനിമയായിരുന്നു.
അതുകൊണ്ട് ആകാശത്തിന്റെ നിറം എന്ന സിനിമയിലേക്കും പൃഥ്വി വന്നു. ചേട്ടന്റെ പടമാണെന്ന് പറഞ്ഞ് പൈസ പോലും വാങ്ങാതെയാണ് പൃഥ്വി ഈ സിനിമയില്‍ അഭിനയിച്ചത്. ഡോ. ബിജുവുമായിട്ടുള്ള ബന്ധം കൂടി അതിന് ഒരു കാരണമായിരുന്നു.
അദ്ദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു ഈ സിനിമയില്‍ ഉണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ ലെവലില്‍ വലിയ അംഗീകാരം കിട്ടിയ സിനിമയാണ് ആകാശത്തിന്റെ നിറം. ഇറാന്‍, കസാഖിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ ഫെസ്റ്റിവലിലെല്ലാം ആ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു,’ അനില്‍ അമ്പലക്കര പറയുന്നു.
Content Highlight: Anil Ambalakkara Talks About Prithviraj Sukumaran