ചേട്ടന്റെ സിനിമയാണെന്ന് പറഞ്ഞ് പ്രതിഫലം പോലും വാങ്ങാതെ പൃഥ്വിരാജ് അഭിനയിച്ചു: നിര്‍മാതാവ് അനില്‍ അമ്പലക്കര
Film News
ചേട്ടന്റെ സിനിമയാണെന്ന് പറഞ്ഞ് പ്രതിഫലം പോലും വാങ്ങാതെ പൃഥ്വിരാജ് അഭിനയിച്ചു: നിര്‍മാതാവ് അനില്‍ അമ്പലക്കര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st October 2023, 9:58 pm

ഇന്ദ്രജിത്തിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിന്റെ നിറം. അമല പോള്‍ നായികയായ ചിത്രത്തില്‍ നെടുമുടി വേണു, മാസ്റ്റര്‍ ഗോവര്‍ധന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിഥിതാരമായി പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പ്രതിഫലം വാങ്ങാതെയാണ് ആകാശത്തിന്റെ നിറത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതെന്ന് പറയുകയാണ് നിര്‍മാതാവ് അനില്‍ അമ്പലക്കര. ചേട്ടന്റെ സിനിമ ആയിരുന്നതിനാലും ഡോ. ബിജുവിനോടുള്ള ബന്ധം കൊണ്ടുമാണ് പൃഥ്വിരാജ് പ്രതിഫലം വാങ്ങാതിരുന്നതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ അമ്പലക്കര പറഞ്ഞു.

‘ആകാശത്തിന്റെ നിറത്തിന് മുമ്പ് ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. അത് നാഷണല്‍ ലെവലില്‍ അംഗീകരിക്കപ്പെട്ട സിനിമയാണ്. അതുകൊണ്ട് ആകാശത്തിന്റെ നിറത്തേലേക്കും വന്നു. ചേട്ടന്റെ പടമാണെന്ന് പറഞ്ഞ് പൈസ പോലും വാങ്ങാതെയാണ് പൃഥ്വിരാജ് അഭിനയിച്ചത്. ഡോ. ബിജുവുമായിട്ടുള്ള ബന്ധം കൂടി അതിലുണ്ട്. രണ്ട് മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ഇന്റര്‍നാഷണല്‍ ലെവലില്‍ വലിയ അംഗീകാരം കിട്ടിയ ചിത്രമാണ് ആകാശത്തിന്റെ നിറം. ഇറാന്‍, കസാഖിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ ഫെസ്റ്റിവലിലെല്ലാം പോയി,’ അനില്‍ അമ്പലക്കര പറഞ്ഞു.

മോഹന്‍ലാലിനെ വെച്ച് വേലുത്തമ്പി ദളവയുടെ പുതിയ വേര്‍ഷന്‍ സിനിമയുണ്ടാക്കാന്‍ പ്ലാനുണ്ടായിരുന്നുവെന്നും അനില്‍ അമ്പലക്കര പറഞ്ഞു. ‘വേലുത്തമ്പി ദളവയുടെ ഒരു പുതിയ വേര്‍ഷന്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. അതിന്റെ സ്‌ക്രിപ്റ്റ് ആയതാണ്. ആ സമയത്താണ് പഴശ്ശിരാജ വരുന്നത്. അത് ഭയങ്കര ബജറ്റിലായിരുന്നു. ആ തരത്തില്‍ ഒരു ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നതില്‍ നമ്മള്‍ പിറകോട്ട് പോയി. പിന്നെ വേലുത്തമ്പി സിനിമ എടുക്കുന്നു എന്ന് പറഞ്ഞ് വേറെയും അനൗണ്‍സ്മെന്റ് വന്നു. അങ്ങനെയാണ് ഞങ്ങളുടെ പ്രൊജക്ട് പിറകോട്ട് പോയത്. അല്ലെങ്കില്‍ ഞങ്ങള്‍ എടുക്കുമായിരുന്നു.

പഴശ്ശിരാജയുടെ വരവും വലിയ ഇന്‍വെസ്റ്റ്മെന്റും കേട്ടപ്പോള്‍ അത്രയും ചെലവില്‍ സിനിമ ചെയ്യണ്ടെന്ന് തീരുമാനിച്ചു. അത്രയും പൈസ മുടക്കിയിട്ട് റിട്ടേണ്‍ കിട്ടിയില്ലെങ്കിലോ. ആ സിനിമയുടെ ചര്‍ച്ചകളൊക്കെ മോഹന്‍ലാലുമായി നടന്നതാണ്. അദ്ദേഹത്തിന് നല്ല താത്പര്യമുണ്ടായിരുന്നു. ആ സിനിമ നടന്നിരുന്നേല്‍ ഒരു വലിയ സംഭവമായേനേ. വേറെ ആരും പിന്നെ ആ സിനിമ എടുത്തതുമില്ല,’ അനില്‍ അമ്പലക്കര പറഞ്ഞു.

Content Highlight: Anil Ambalakara about Prithviraj and Indrajith