ഞങ്ങളുടെ കുറ്റം കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റുപോയത്: അനില്‍ അക്കരെ
Kerala News
ഞങ്ങളുടെ കുറ്റം കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റുപോയത്: അനില്‍ അക്കരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th March 2022, 6:25 pm

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ അനില്‍ അക്കരെ. ‘ഞങ്ങളുടെ കുറ്റം കൊണ്ടാണ് ഞങ്ങള്‍ തോറ്റുപോയത്,’ എന്നാണ് അനില്‍ അക്കരെ ഫേസ്ബുക്കില്‍ എഴുതിയത്.

പോസ്റ്റിന് താഴെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ തന്റെ തോല്‍വിയെക്കുറിച്ചാണ് അനില്‍ അക്കരെയുടെ പ്രതികരണം എന്ന രീതിയില്‍ കമന്റുകളും വരുന്നുണ്ട്. എന്നാല്‍ കമന്റുകള്‍ക്ക് മറുപടിയായി അനില്‍ അക്കരെ തന്നെ രംഗത്തെത്തി. ‘തെറ്റിദ്ധരിക്കരുത് ഏതെങ്കിലും സ്ഥാനാര്‍ഥിയെക്കുറിച്ചല്ല, എന്റെ പാര്‍ട്ടിയുടെ കാര്യമാണ്,’ എന്നാണ് അനില്‍ അക്കരെ എഴുതിയത്.

അതേസമയം, കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നിലവില്‍ ഹൈക്കമാന്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഇന്ദിരാ ഭവനില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനമാണ് ഉപേക്ഷിച്ചത്

ഒറ്റ പേരിലേക്ക് എത്താനാകാത്തതോടെ പരിഗണന പട്ടിക ഹൈക്കമാന്റിന് കൈമാറാന്‍ കെ. സുധാകരന്‍ തീരുമാനിച്ചിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയാണെന്ന കാര്യം കണക്കിലെടുത്ത് വെള്ളിയാഴ്ച തന്നെ പേര് പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി നേതൃത്വം അറിയിച്ചിരുന്നു.

‘യുവാക്കളെ പരിഗണിക്കാനാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.

ആരുടെ പേരുയര്‍ന്ന് വന്നാലും എതിര്‍ അഭിപ്രായം ഉണ്ടാകും. അത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണിത്,’ സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  Anil Akkare says The Congress lost because of our guilt