ഇയാള്‍ മാത്രമിത് അനുഭവിച്ചാല്‍ മതിയോ; ശിവശങ്കറിന്റെ ഫോട്ടോ പങ്കുവെച്ച് അനില്‍ അക്കര
Kerala News
ഇയാള്‍ മാത്രമിത് അനുഭവിച്ചാല്‍ മതിയോ; ശിവശങ്കറിന്റെ ഫോട്ടോ പങ്കുവെച്ച് അനില്‍ അക്കര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th August 2023, 4:03 pm

തൃശൂര്‍: ലൈഫ് മിഷന്‍ കേസില്‍ ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സത്യത്തില്‍ ഈ കാഴ്ച സങ്കടകരമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവമെന്നും ഈ കേസില്‍ ഇയാള്‍ മാത്രം ഇത് അനുഭവിച്ച് തീര്‍ത്താല്‍ മതിയോയെന്നും അനില്‍ അക്കര ചോദിക്കുന്നു.

‘സത്യത്തില്‍ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസില്‍
ഇയാള്‍ മാത്രം ഇത് അനുഭവിച്ച് തീര്‍ത്താല്‍ മതിയോ?,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ചയാണ് ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ചികിത്സാ ആവശ്യത്തിനായി രണ്ട് മാസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍വെച്ച് ശസ്ത്രക്രിയ നടത്താമെന്നുള്ള ഇ.ഡി വാദം തള്ളി കൊണ്ടാണ് കോടതി ജാമ്യം നല്‍കിയത്. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

ഇതിനെതിരെയാണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഇദ്ദേഹം നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദം ഇ.ഡി ഉന്നയിച്ചെങ്കിലും ചികിത്സ സംബന്ധിച്ച ശിവശങ്കറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം ജാമ്യസമയത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.

വീട്ടിലും ആശുപത്രിയിലുമൊഴികെ മറ്റിടങ്ങളില്‍ പോകാന്‍ പാടില്ല, ജാമ്യം ദുരുപയോഗം ചെയ്യരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍. കഴിഞ്ഞ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Content Highlights: Anil akkara shares M shivashankar photo