വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എം.എല്‍.എ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍ അക്കര പറഞ്ഞു.
വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കാഞ്ചേരിയില്‍ ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയാണ്.
തോമസ് ഐസകും ജി. സുധാകരനും മണ്ഡലത്തിന്റെ വികസനത്തിന് സഹായിച്ചു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കിയിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.
നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. ലൈഫിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.
140 ഫ്‌ളാറ്റുകളാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്നത്. എന്നാല്‍ ലൈഫ് പദ്ധതിയില്‍ അഴിമതി ഉണ്ടെന്നായിരുന്നു അനില്‍ അക്കരയുടെ വാദം. ഇക്കാര്യമാരോപിച്ച് അദ്ദേഹം നിരവധി തവണ രംഗത്തെത്തിയിരുന്നു.
നിലവില്‍ ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതി കേസില്‍ പെട്ടതിന് ശേഷം ഫ്ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചുവെന്ന് കരാറുകാരായ യുണിടാക്കും വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക