പരിപാടിയിലേക്ക് ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയെയും ക്ലബ് ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ജേക്കബ് വടക്കാഞ്ചേരി നയിക്കുന്ന പരിപാടിയായതിനാല്‍ അദ്ദേഹം ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
തൃശൂര്‍: ശാസ്ത്രവിദുദ്ധ-വാക്‌സിന്‍ വിരുദ്ധ പ്രചാരകന്‍ ജേക്കബ് വടക്കാഞ്ചേരി നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യാന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയെത്തുന്നത് വിവാദമാകുന്നു. ഒക്ടോബര്‍ 29ന് പേരാമംഗലത്ത് ഒരു ക്ലബ് സംഘടിപ്പിക്കുന്ന പ്രകൃതി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യാനാണ് എം.എല്‍.എ എത്തുന്നത്.
പരിപാടിയിലേക്ക് ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയെയും ക്ലബ് ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ജേക്കബ് വടക്കാഞ്ചേരി നയിക്കുന്ന പരിപാടിയായതിനാല്‍ അദ്ദേഹം ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
വാക്‌സിന്‍ വിരുദ്ധതയിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ എതിര്‍ക്കുന്ന വ്യക്തി നയിക്കുന്ന പരിപാടിയില്‍ അനില്‍ അക്കര പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം അനില്‍ അക്കരയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അദ്ദേഹം പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തയ്യാറായില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറായ ജിനേഷ് പറയുന്നു.
43 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ച എം.എല്‍.എയാണ് താനെന്നും ഈ പരിപാടി നടത്തുന്നവരാണ് തനിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ മുന്നിട്ടിറങ്ങിയതെന്നും അതിനാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കില്ല എന്നുമാണ് എം.എല്‍.എ അറിയിച്ചതെന്നാണ് ഡോ ജിനേഷ് പറയുന്നത്.
“43 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ച ഒരു എം.എല്‍.എ ആണ് ഞാന്‍. ഈ പരിപാടി നടത്തുന്നവരാണ് എനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മുന്നിട്ടിറങ്ങിയത്. അവരോടു സംസാരിച്ചപ്പോള്‍ അവരെന്തായാലും പരിപാടിയുമായി മുന്‍പോട്ടുപോകുകയാണ് എന്നും പറഞ്ഞു. ജേക്കബ് വടക്കാഞ്ചേരി നടത്തുന്ന പരിപാടിക്കല്ല ഞാന്‍ പോകുന്നത്, എന്റെ വോട്ടര്‍മാര്‍ നടത്തുന്ന പരിപാടിക്കാണ്. ഇങ്ങനെയുള്ള പരിപാടിയില്‍ നിന്നും ഒരു ജനപ്രതിനിധി എന്ന നിലയില്‍ വിട്ടുനില്‍ക്കാനാവില്ല. ഇതാണ് അവസ്ഥ. അടുത്ത തവണയും എനിക്ക് മത്സരിക്കേണ്ടതല്ലേ ?” എന്ന ന്യായം പറഞ്ഞാണ് അനില്‍ അക്കര തീരുമാനം വിശദീകരിച്ചതെന്നും ജിനേഷ് പറയുന്നു.
ജേക്കബ് വടക്കാഞ്ചേരി നയിക്കുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ദ്ധോപദേശക സ്ഥാനം വരെ വഹിച്ചിരുന്ന ഡോക്ടര്‍ ലാല്‍ സദാശിവന്‍, ഡോ. മനുവര്‍ഗീസ് എന്നിവര്‍ എം.എല്‍.എ സമീപിച്ചിരുന്നു. വസൂരി പോലുള്ള രോഗങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയില്‍ നിന്നും വി.കെ.സി മമ്മദ് കോയ വിട്ടുനില്‍ക്കുന്ന കാര്യവും അറിയിച്ചിരുന്നു.
പ്രാദേശിക നേതാക്കള്‍ പറഞ്ഞ പരിപാടിയാണെന്നും കൂടുതല്‍ ആലോചിച്ചശേഷമേ തീരുമാനമെടുക്കൂ എന്നുമാണ് അന്ന് എം.എല്‍.എ അറിയിച്ചത്. എന്നാല്‍ പിന്നീട് എം.എല്‍.എയുമായി ബന്ധപ്പെട്ടപ്പോള്‍ വോട്ടിന്റെ കാര്യം പറഞ്ഞ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയാണുണ്ടായതെന്നും ഡോ.ജിനേഷ് വിശദീകരിക്കുന്നു.
ജേക്കബ് വടക്കന്‍ചേരിയെ പരിപാടിയുമായി സഹകരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ക്ലബ് നേതാക്കളെയും സമീപിച്ചിരുന്നെന്നു. ജേക്കബിന്റെ പ്രഭാഷണം ആളുകള്‍ക്കിഷ്ടമാണെന്നതിനാലാണ് അദ്ദേഹത്തെ വിളിക്കുന്നതെന്നും മൂന്നാമത്തെ തവണയാണ് അദ്ദേഹം പരിപാടിക്കെത്തുന്നതെന്നും നേരത്തെ നിശ്ചയിച്ചു പോയതിനാല്‍ ഇനി മാറ്റങ്ങള്‍ വരുത്താന്‍ ബുദ്ധിമുട്ടാണെന്നുമാണ് അവര്‍ അറിയിച്ചതെന്നും ജിനേഷ് വ്യക്തമാക്കി.
ശാസ്ത്ര അവബോധം വളര്‍ത്തുകയെന്നത് ഏതൊരു പൗരന്റെയും കടമയാണ്. ഒരു ജനപ്രതിനിധി വോട്ടിനുവേണ്ടി ഇതു വേണ്ടെന്നു വെക്കുന്നു. ഇതേ സാഹചര്യത്തില്‍ വി.കെ.സി മമ്മദ്‌കോയ പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന തീരുമാനമെടുക്കാന്‍ ഒരുനിമിഷം പോലും താമസിച്ചില്ല എന്നത് പ്രശംസനീയമാണെന്നും ഡോ.ജിനേഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.