തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടകളനുസരിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണത്തിന് പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ
സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നാണ് അനില്‍ അക്കരയുടെ ആരോപണം. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് എന്നും അനില്‍ അക്കര പറയുന്നു.
ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നു. ഇതെല്ലാം ശരിയെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു എന്നായിരുന്നു അനില്‍ അക്കരയുടെ ചോദ്യം.
രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പ് സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി നടപ്പിലാക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം.
സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തത് വലിയ വിവാദമായതിന് പിന്നാലെയായിരുന്നു ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ അയച്ചത്.
എന്നാല്‍ അത്തരമൊരു സര്‍ക്കുലര്‍ സര്‍ക്കാര്‍ അറിവോടെയല്ല സ്‌കൂളുകളില്‍ എത്തിയതെന്നും ജന്മദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിര്‍ദേശം സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു.