ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്ത് വേദാന്ത ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. അതേസമയം അനില്‍ അഗര്‍വാള്‍ സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന് നല്‍കാനുള്ളത് 2000 കോടി രൂപയാണ്.
ദിവസ വേതനക്കാരുടെയും മറ്റു തൊഴിലാളികളുടെയും ആരോഗ്യവും നോക്കുന്നതിനായി വിതരണം ചെയ്യുമെന്നാണ് അനില്‍ അഗര്‍വാള്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അഗര്‍വാളിന്റെ പ്രഖ്യാപനം.
‘ഈ മഹാമാരിക്കെതിരെ പോരാടുന്ന സമയത്ത് ഞാന്‍ 100 കോടി വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തിന് നമ്മളെ വേണ്ട ഈ സമയത്ത് ‘ദേശത്തിന്റെ ആവശ്യത്തിന്’ എന്നത് ഒരു മുദ്രാവാക്യമായി നമ്മള്‍ ഏറ്റെടുക്കണം. ധാരാളം പേര്‍ രാജ്യത്ത് അനിശ്ചിതത്വത്തിലാണ്. ദിവസ വേതനക്കാരുടെ കാര്യത്തില്‍ ഞാന്‍ അതീവ ശ്രദ്ധാലുവാണ്. അതുകൊണ്ട് നമ്മളെ കൊണ്ട് പറ്റുന്ന സഹായം അവര്‍ക്ക് ചെയ്തു കൊടുക്കണം,’ അനില്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.
I am committing 100 cr towards fighting the Pandemic. #DeshKiZarooratonKeLiye is a pledge that we undertook & this is the time when our country needs us the most. Many people are facing uncertainty & I’m specially concerned about the daily wage earners, we will do our bit to help pic.twitter.com/EkxOhTrBpR
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.
യെസ് ബാങ്കിന് നല്‍കാനുള്ള 2000 കോടി നല്‍കൂ എന്നിട്ട് ഇന്ത്യയെ സഹായിക്കാമെന്നും, ഇന്ത്യയ്ക്ക് നിങ്ങളുടെ പണം ആവശ്യമില്ലെന്നും കാണിച്ച് നിരവധിപേര്‍ അനില്‍ അഗര്‍വാളിന്റെ പോസ്റ്റിനു കീഴില്‍ കമന്റ് ചെയ്തു.
യെസ് ബാങ്കിന് നല്‍കാനുള്ള തുകയില്‍ നിന്ന് അത് കുറച്ചു കിട്ടുമെന്നും ഒരാള്‍ പ്രതികരിച്ചു.
ദിവസ വേതനക്കാര്‍, തൊഴിലാളികള്‍, കോണ്‍ട്രാക്ട് തൊഴിലാളികള്‍ എന്നീ മൂന്ന് വിഭാഗങ്ങളുടെ കാര്യത്തിനായാണ് പ്രധാനമായും ഇത് നല്‍കുന്നതെന്ന് വേദാന്ത കമ്പനി പറഞ്ഞു.
ലോണ്‍ നല്‍കി സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. യെസ് ബാങ്കിന്റെ നിശ്ചിത ശതമാനം ഓഹരികള്‍ എസ്.ബി.ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
യെസ് ബാങ്കിന്റെ സ്ഥാപകന്‍ അനില്‍ കപൂറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏഴോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.