Entertainment
എനിക്ക് അന്ന് തമിഴ് അറിയില്ലായിരുന്നു, നയന്‍താരയും ആ നടനും എന്നെ ഒരുപാട് സഹായിച്ചു: അനിഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 08:24 am
Wednesday, 15th January 2025, 1:54 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഘ ബാലതാരമായി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.

തമിഴില്‍ ശിവ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ വിശ്വാസത്തിലും അനിഘ അഭിനയിച്ചിരുന്നു. അജിത് കുമാറും നയന്‍താരയും ഒന്നിച്ച സിനിമയായിരുന്നു വിശ്വാസം. വിവേക്, തമ്പി രാമയ്യ, റോബോ ശങ്കര്‍, കോവൈ സരള, യോഗി ബാബു, കലൈറാണി, സുജാത ശിവകുമാര്‍, രജിത, ആര്‍.എന്‍.ആര്‍. മനോഹര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

ഗൗതം മേനോന്റെ എന്നെ അറിന്താല്‍ എന്ന സിനിമക്ക് ശേഷമാണ് തന്നെ വിശ്വാസത്തിലേക്ക് വിളിച്ചതെന്നും ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് തമിഴ് അധികം അറിയില്ലായിരുന്നുവെന്നും പറയുകയാണ് അനിഘ. അജിത്തും നയന്‍താരയും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും നടി പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഘ.

എന്നെ അറിന്താല്‍ എന്ന സിനിമക്ക് ശേഷമാണ് വിശ്വാസത്തില്‍ അജിത് – നയന്‍താര ജോഡിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് തമിഴ് അധികം അറിയില്ലായിരുന്നു എന്നതാണ് സത്യം. അന്നൊക്കെ അവര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

അങ്ങനെയാണ് തമിഴ് വേഗം പഠിക്കാന്‍ സാധിച്ചത്. പക്ഷേ, തെലുങ്ക് ഒരു രക്ഷയുമില്ലായിരുന്നു. കാണാതെ പഠിക്കുകയേ എനിക്ക് നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. തമിഴാണോ തെലുങ്കാണോ പ്രയാസമെന്ന് ചോദിച്ചാല്‍ തെലുങ്കാണെന്ന് പറയും. ഇപ്പോള്‍ എല്ലാ ഭാഷയും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ മലയാളികള്‍ തന്നെ ഏറ്റവും കൂടുതല്‍ അറിഞ്ഞു തുടങ്ങിയത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷമാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. ആ സിനിമ കണ്ടാണ് ഗൗതം മേനോന്‍ എന്നെ അറിന്താല്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.

‘മലയാളികള്‍ എന്നെ ഏറ്റവും കൂടുതല്‍ അറിഞ്ഞു തുടങ്ങിയത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷമാണ്. അഞ്ച് സുന്ദരികളില്‍ അഭിനയിക്കുമ്പോള്‍ കഥ എന്താണെന്ന് പോലും അറിയാതെ, പറയുന്നത് മാത്രം ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍.

അന്നത്തെ മൂന്നാം ക്ലാസുകാരിയായ എനിക്ക് കൂടുതലായി ഒന്നും ചെയ്യാനും അറിയില്ലായിരുന്നു. അഞ്ച് സുന്ദരികള്‍ കണ്ട ഗൗതം മേനോന്‍ സാറാണ് എന്നെ അറിന്താല്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. തമിഴില്‍ അത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാവുക എന്നത് എന്റെ വലിയ ഭാഗ്യമായി കാണുന്നു,’അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: Anikha Surendran Talks About Tamil, Nayanthara And Ajith