| Monday, 23rd September 2024, 12:01 pm

അന്ന് ആ ചിത്രത്തിന്റെ ഭാരം എനിക്ക് മനസിലായില്ലായിരുന്നു: അനിഖ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച് ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഖ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ അജിത്തിന്റെ മകളായും അഭിനയിച്ചിട്ടുണ്ട്.

അഞ്ച് സുന്ദരികള്‍ എന്ന മലയാളം ആന്തോളജി സിനിമയിലെ ഒരു ഷോര്‍ട്ട് ഫിലിം ആയിരുന്നു സേതുലക്ഷ്മി. സൈജു ഖാലിദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുലക്ഷ്മിയായി എത്തിയത് അനിഖ സുരേന്ദ്രനായിരുന്നു. അനിഖയോടൊപ്പം സേതുലക്ഷ്മിയുടെ സുഹൃത്തായി ചിത്രത്തിലെത്തിയത് ചേതനായിരുന്നു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം പ്രമേയമാക്കിയ ചിത്രത്തിലെ പ്രകടനത്തിന് അനിഖക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. സേതുലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അനിഖ.

സേതുലക്ഷ്മി ചെയ്യുന്ന സമയത്ത് കഥാപാത്രത്തെ കുറിച്ചും അതിന്റെ വ്യാപ്തിയെ കുറിച്ചും അറിയില്ലായിരുന്നെന്ന് അനിഖ പറയുന്നു. എല്ലാവരും വന്ന് സിനിമ ഹോണ്ട് ചെയ്തെന്ന് പറയുമായിരുന്നെനും എന്നാല്‍ അപ്പോള്‍ തനിക്ക് അതിന്റെ അര്‍ത്ഥം മനസിലായിരുന്നെന്നും അവര്‍ പറയുന്നു.

‘ഞാനായാലും ചേതന്‍ ആയാലും ഞങ്ങള്‍ രണ്ടുപേരും അന്ന് ആ സിനിമയുടെ ഗ്രാവിറ്റി അറിഞ്ഞിട്ടല്ല ആ ചിത്രം ചെയ്തത്. ആ സമയത്ത് ദിലീഷ് പോത്തന്‍ ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം എന്റെയടുത്ത് വേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞു തരും ഞാന്‍ അതുപോലെ അഭിനയിക്കും. അത്രയേ ഉണ്ടായിരുന്നുള്ളു.

അല്ലാതെ കഥ ഒന്നും മനസിലാക്കിയിട്ടല്ല ഞാന്‍ അന്ന് ചെയ്തത്. ഞാന്‍ വലിയൊരു ബോധമില്ലാതെ അങ്ങനെ പോയി അഭിനയിച്ച ചിത്രമായിരുന്നു അത്. സിനിമ കഴിഞ്ഞപ്പോഴും ഞാന്‍ ചെയ്ത് വെച്ചതിനെ കുറിച്ച് എനിക്കൊരു ഐഡിയ ഉണ്ടാകുമല്ലോ അതിലൊന്നും ആ കഥാപാത്രത്തിന്റെ ആഴം അറിഞ്ഞിരുന്നില്ല. അത് കഴിഞ്ഞ് സ്റ്റേറ്റ് അവാര്‍ഡൊക്കെ കിട്ടി കഴിഞ്ഞപ്പോഴും ആളുകള്‍ എന്റെ അടുത്ത് വന്ന് പറയും, ആ സിനിമ വളരെ ഹോണ്ടിങ് ആയിരുന്നെന്ന്.

അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും ഇതില്‍ എന്താ ഇത്രക്ക് ഹോണ്ടിങ് ആയിട്ടുള്ളതെന്ന്. ഒരു ഫോട്ടോ എടുത്ത് പോയി അത്രയല്ലേ ഉള്ളു. പക്ഷെ ഇപ്പോഴാണ് അതിന്റെ അര്‍ഥം മനസിലാകുന്നത്. അത്രയും ഭാരമുള്ള ഒരു കഥയാണ് ആ 30 മിനിറ്റില്‍ പറഞ്ഞുവെച്ചേക്കുന്നത്,’ അനിഖ പറയുന്നു.

Content Highlight: Anikha Surendran Talks About Sethulakshmi Film In 5 Sundharikal

We use cookies to give you the best possible experience. Learn more