|

എന്നെ ആ സിനിമയിലേക്ക് വിളിക്കാന്‍ അന്ന് നയന്‍താര ചേച്ചി അവരോട് ആവശ്യപ്പെട്ടു: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച് മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഘ തന്റെ കരിയര്‍ ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.

നയന്‍താരയോടൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. മലയാള ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌ക്കല്‍, തമിഴ് സിനിമകളായ വിശ്വാസം, നാനും റൗഡി താന്‍ എന്നിവയാണ് ആ സിനിമകള്‍.

ഇപ്പോള്‍ നയന്‍താരയോടൊപ്പമുള്ള സിനിമകളെ കുറിച്ച് പറയുകയാണ് അനിഘ സുരേന്ദ്രന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ കപ്പിന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു നടി.

‘നയന്‍താര ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്തതൊക്കെ വളരെ നല്ല എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു. ഭാസ്‌കര്‍ ദി റാസ്‌ക്കലും വിശ്വാസവുമൊക്കെ ഞാന്‍ ചേച്ചിയുടെ കൂടെയാണ് ചെയ്തത്. അതിന്റെ ഇടയില്‍ നാനും റൗഡി താന്‍ എന്ന സിനിമയില്‍ ചേച്ചിയുടെ ചെറുപ്പമാണ് അവതരിപ്പിച്ചത്.

ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ച അനുഭവങ്ങളൊക്കെ വളരെ മികച്ചത് തന്നെയായിരുന്നു. പിന്നെ നാനും റൗഡി താന്‍ സിനിമയില്‍ ചേച്ചി തന്നെയാണ് ആ കഥാപാത്രത്തിനായി എന്നെ എടുത്തോളൂവെന്ന് പറയുന്നത്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

അനിഘയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കപ്പ്. സഞ്ജു വി. സാമുവല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനിഘക്ക് പുറമെ മാത്യു തോമസ്, ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, തുഷാര പിള്ള, നമിത പ്രമോദ്, റിയ ഷിബു, കാര്‍ത്തിക് വിഷ്ണു എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


Content Highlight: Anikha Surendran Talks About Nayanthara