| Wednesday, 22nd February 2023, 9:23 pm

നിന്റെ പല്ലെന്താ ഇങ്ങനെ, നിനക്ക് അച്ഛന്റെ കഷണ്ടിയും കിട്ടിയിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് മമ്മുക്ക കളിയാക്കി: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലെത്തിയ അനിഘ സുരേന്ദ്രന്‍ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്. ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി.ബാബുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി നായകനായെത്തിയ ദി ഗ്രേറ്റ് ഫാദറെന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അനിഘ കൈകാര്യം ചെയ്തിരുന്നു. സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്‍ മമ്മൂട്ടിയുമായുണ്ടായ രസകരമായ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് അനിഘയിപ്പോള്‍.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഗ്രേറ്റ് ഫാദര്‍ സിനിമയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടി തന്റെ പല്ലിനെ കളിയാക്കുമായിരുന്നെന്നും, മമ്മൂക്കയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഇക്കാര്യമാണ് ആദ്യം ഓര്‍മ വരുന്നതെന്നുമാണ് താരം പറഞ്ഞത്.

‘സെറ്റില്‍ വെച്ച് മമ്മുക്ക എന്നെ തമാശക്ക് കുറേ കളിയാക്കിയിരുന്നു. ഗ്രേറ്റ് ഫാദര്‍ ചെയ്ത സമയത്ത് എന്റെ പല്ലൊക്ക നല്ല ഡിസോര്‍ടറായിട്ടായിരുന്നു ഇരുന്നത്. മിക്ക സമയവും കാണുമ്പോള്‍ മമ്മൂക്ക പറയും നിന്റെ പല്ലെന്താ ഇങ്ങനെ, ശരിയാക്കിക്കൂടെ എന്നൊക്കെ. അങ്ങനെ പല്ലിനെ കുറേ കളിയാക്കും.

അതുപോലെ എനിക്ക് തലയുടെ ഇടത് ഭാഗത്ത് കുറച്ച് കഷണ്ടിയുണ്ട്. എന്റെ അച്ഛനും കഷണ്ടിയുണ്ടായിരുന്നു. അത് കാണുമ്പോള്‍ മമ്മുക്ക പറയും നിനക്ക് അച്ഛന്റെ കഷണ്ടി കിട്ടിയിട്ടുണ്ടല്ലേ എന്ന്,’ അനിഘ പറഞ്ഞു.

കൗമാരക്കാരുടെ പ്രണയവും, അവരൂടെ ജീവിത പ്രതിസന്ധികളും പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തില്‍ ജോണി ആന്റണി, മുകേഷ്, മഞ്ജു പിള്ള, ഫുക്രു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlight: Anikha surendran sharing shooting experience with Mammootty

We use cookies to give you the best possible experience. Learn more