|

ചെറുപ്പം തൊട്ടേ മോഡലിങ്ങില്‍ ഉള്ളതുകൊണ്ട് ആ സീന്‍ ചെയ്യുമ്പോഴൊന്നും ക്യാമറാ ഫിയര്‍ എനിക്കുണ്ടായിരുന്നില്ല: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.

തന്റെ ആദ്യ ചിത്രത്തിലെ ആദ്യ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് അനിഘ. മംമ്ത മോഹന്‍ദാസ്, ആസിഫ് അലി എന്നിവര്‍ക്കൊപ്പമായിരുന്നു തന്റെ ആദ്യത്തെ സീനെന്ന് അനിഘ പറഞ്ഞു. മംമ്തയോട് ആസിഫിനെക്കുറിച്ച് കുറ്റം പറയുന്ന സീനായിരുന്നു ഷൂട്ട് ചെയ്തതെന്നും ചെറിയൊരു ഡയലോഗ് ഉണ്ടായിരുന്നെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടായിരുന്നു ആ സിനിമയുടെ സംവിധായകനെന്നും ജയറാമുമായി കോമ്പിനേഷന്‍ സീനെല്ലാം ഉണ്ടായിരുന്നെന്നും അനിഘ പറയുന്നു. ആദ്യത്തെ സീന്‍ ചെയ്യുന്ന സമയത്ത് ക്യാമറാ ഫിയറൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് അനിഘ പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ മോഡലിങ്ങില്‍ ഉള്ളതുകൊണ്ട് പേടിയൊന്നും ഇല്ലായിരുന്നെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.

ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്‍ ആരെന്ന ചോദ്യത്തിനും അനിഘ മറുപടി നല്‍കുന്നുണ്ട്. വിജയ്‌യുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും അനിഘ സുരേന്ദ്രന്‍ പറഞ്ഞു. ബ്ലാക്ക് ഷീപ്പ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.

‘സിനിമയിലെ ആദ്യത്തെ സീന്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കഥ തുടരുന്നു എന്ന പടത്തില്‍ കതക് തുറന്ന് മംമ്തയെ നോക്കി ‘അമ്മേ, ദേ അച്ഛന്‍ വീണ്ടും ക്ലോക്കിലെ സമയം കൂട്ടിവെക്കുവാ’ എന്നായിരുന്നു ഡയലോഗ്. ആസിഫ് അലിയും ആ സീനില്‍ ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സാറായിരുന്നു ആ പടത്തിന്റെ ഡയറക്ടര്‍.

ആ സീന്‍ ചെയ്യുമ്പോഴൊന്നും ക്യാമറാ ഫിയര്‍ ഉണ്ടായിരുന്നില്ല. കാരണം, ചെറിയ പ്രായം തൊട്ടേ മോഡലിങ്ങിനൊക്കെ പോയിട്ടുണ്ട്. അതുകൊണ്ട് ക്യാമറ കാണുമ്പോഴുള്ള പേടിയൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. വളരൈ നല്ലൊരു സെറ്റായിരുന്നു ആ പടത്തിലേത്. എല്ലാവരും എന്നോട് നന്നായി പെരുമാറിയിരുന്നു. ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്‍ വിജയ് സാറാണ്. പക്ഷേ, ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്മേല്‍ എന്നടീ കോപമാണ് അനിഘയുടെ ഏറ്റവും പുതിയ ചിത്രം. പുതുമുഖമായ പവീഷാണ് ചിത്രത്തിലെ നായകന്‍. മലയാളികളായ മാത്യു തോമസ്, പ്രിയ വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Content Highlight: Anikha Surendran shares the experience of her first scene in debut movie