മലയാള സിനിമയിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങി ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു അനിഘയുടെ ആദ്യ ചിത്രം.
അനിഘ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം നിലവുക്ക് എന്‍മേല്‍ എന്നടീ കോപം റിലീസായിരിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിലാ എന്ന കഥാപാത്രത്തെയാണ് അനിഘ അവതരിപ്പിക്കുന്നത്. കൂടെ വര്‍ക്ക് ചെയ്യാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കോ ആക്ടര്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനിഘ.
തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ കൂടെ അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെന്ന് അനിഘ പറഞ്ഞു. എന്നാല്‍ ഇനി അത് നടക്കാന്‍ സാധ്യതയില്ലെന്നും അത് വെറും ആഗ്രഹമായി മാത്രം തുടരേണ്ടി വരുമെന്നും അനിഘ പറഞ്ഞു. ചെറുപ്പത്തില്‍ ഉണ്ടായിരുന്ന ആഗ്രഹത്തെപ്പറ്റിയും ആദ്യമായി കിട്ടിയ സാലറിയെപ്പറ്റിയും അനിഖ സംസാരിച്ചു.
ചെറുപ്പത്തില്‍ എയര്‍ഹോസ്റ്റസാകാനായിരുന്നു തനിക്ക് താത്പര്യമെന്നും പിന്നീട് സിനിമയിലേക്കെത്തുകയുമായിരുന്നെന്ന് അനിഘ പറഞ്ഞു. ആദ്യമായി കിട്ടിയ സാലറി 500 രൂപയായിരുന്നെന്നും അനിഘ കൂട്ടിച്ചേര്‍ത്തു. ധനുഷ് എന്ന നടനെ മാത്രമേ തനിക്ക് ആദ്യം അറിയുമായിരുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നെന്നും അനിഘ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.
‘ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹമുള്ള കോ ആക്ടര്‍ വിജയ് സാറാണ്. പണ്ടുമുതലേ അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ലെന്ന് മനസിലായി. അത് വെറും ആഗ്രഹമായി തന്നെ നില്‍ക്കാനാണ് സാധ്യത. ചെറുപ്പത്തിലൊന്നും സിനിമയെപ്പറ്റി ആലോചിച്ചിരുന്നില്ല. ഒരു എയര്‍ഹോസ്റ്റസ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു.
ധനുഷ് സാറിനെ ഒരു ആക്ടര്‍ എന്ന നിലയില്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഡയറക്ഷനില്‍ ഒരു സിനിമ ചെയ്യുക, അതും ലീഡ് റോളില്‍ വരിക എന്ന് കേട്ടപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ വളരെ രസകരമായ സെറ്റായിരുന്നു ഈ സിനിമയുടേത്. നന്നായി എന്‍ജോയ് ചെയ്യാന്‍ സാധിച്ചു.
രായന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ധനുഷ് സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് നിലവുക്ക് എന്‍മേല്‍ എന്നടീ കോപം. ധനുഷിന്റെ മൂന്നാമത്തെ സംവിധാനസംരംഭമാണ് ഇത്. പുതുമുഖം പവീഷാണ് ചിത്രത്തിലെ നായകന്‍. മലയാളികളായ മാത്യു തോമസ്, പ്രിയ വാര്യര്‍, ശരത് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Anikha Surendran says she wishes to act with Vijay