മമ്മൂട്ടി, മുകേഷ് പോലെയുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി അനിഘ. ഭാസ്‌കര്‍ ദി റാസ്‌കല്‍, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളില്‍ അനിഘ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. അന്ന് താന്‍ വളരെ ചെറുതായിരുന്നു എന്നും കൂടുതല്‍ കാര്യങ്ങളൊന്നും മമ്മൂട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
ഷൂട്ടിനിടയില്‍ ബ്രേക്ക് കിട്ടുമ്പോള്‍ നടന്‍ മുകേഷ് പഴയ കഥകളൊക്കെ പറയുമെന്നും അതൊക്കെ കേട്ടിരിക്കാന്‍ തന്നെ രസമാണെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒപ്പമുള്ള ദിവസങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു എന്നും അനിഘ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സെറ്റിലൊക്കെ ഇരിക്കുന്ന സമയത്ത് ഞാന്‍ അത്ര ആഴത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയോ പ്ലാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്ത സമയത്ത് ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. ആ സമയത്തെ സംസാരങ്ങളൊക്കെ ഭയങ്കര വിയേര്‍ഡായിരിക്കും. അങ്ങനെയുള്ള കാര്യങ്ങളൊന്നും അന്ന് സംസാരിച്ചിട്ടില്ല.
ഓ മൈ ഡാര്‍ലിങ് സിനിമയിലേക്ക് വരുമ്പോള്‍ സെറ്റില്‍ മുകേഷ് അങ്കിള്‍ ഉണ്ടല്ലോ. ഷൂട്ടിനിടയില്‍ ബ്രേക്ക് കിട്ടുമ്പോള്‍ അദ്ദേഹം ഇങ്ങനെ ഓരോ കഥകളൊക്കെ പറയും. നമ്മള്‍ വേറെ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ പോലും അദ്ദേഹം പറയുന്നത് നമ്മള്‍ കേട്ടിരുന്ന് പോകും.
മുകേഷ് അങ്കിള്‍ കോമഡിയൊക്കെ കലര്‍ത്തി നല്ല രീതിയിലാണ് കഥ പ്രസന്റ് ചെയ്യുന്നത്. ശരിക്കും അതൊക്കെ പഠിക്കാനുള്ള അവസരങ്ങളായിരുന്നു. പ്രത്യേകിച്ച്, കോമഡി ക്രിയേറ്റ് ചെയ്യുന്ന കാര്യം. വളരെ സ്‌പൊണ്ടേനിയസായിട്ടാണ് ഇവരൊക്കെ തമാശ പറയുന്നത്,’ അനിഘ പറഞ്ഞു.
content highlight: anikha surendran about mammooty and mukesh