| Saturday, 28th December 2024, 4:10 pm

മീന്‍ വെട്ടാന്‍ പോകുന്നവന്‍ എങ്ങനെ ആചാരിയായെന്ന് ബന്ധുക്കള്‍; ജാതിപ്പേരും തൂക്കി നടക്കുന്നത് എന്തിനെന്ന് വിജയ് സേതുപതി: മണികണ്ഠ രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ പുറത്തിറങ്ങിയ രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടം എന്ന പടത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് മണികണ്ഠ രാജന്‍. നാടകവേദിയില്‍ നിന്ന് സിനിമയില്‍ എത്തിയ നടന്‍ സ്വര്‍ണപ്പണിക്കാരനായും ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍വെട്ടുകാരനായുമൊക്കെ ജോലി ചെയ്തിട്ടുണ്ട്.

ഈയിടെയായിരുന്നു നടന്‍ ഫേസ്ബുക്കില്‍ മണികണ്ഠന്‍ ആര്‍. ആചാരി എന്ന പേരിന് പകരം മണികണ്ഠ രാജന്‍ എന്നാക്കുന്നത്. അതിന് പിന്നിലെ കാരണം പറയുകയാണ് നടന്‍. കേള്‍ക്കാനുള്ള ഒരു ഗമക്ക് വേണ്ടിയായിരുന്നു പേര് മണികണ്ഠന്‍ ആര്‍. ആചാരി എന്നാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് വിജയ് സേതുപതിയാണ് ‘എന്തിനാണ് ജാതിപ്പേരും തൂക്കി നടക്കുന്നത്’ എന്ന് ചോദിച്ച് മണികണ്ഠ രാജന്‍ എന്നാക്കിയതെന്നും നടന്‍ പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മണികണ്ഠ രാജന്‍.

‘എന്റെ വീട്ടില്‍ എന്നെ മണിയെന്നാണ് വിളിക്കാറുള്ളത്. മണികണ്ഠന്‍ എന്ന പേര് വിളിക്കുന്നത് സ്‌കൂളില്‍ മാത്രമാണ്. അയ്യപ്പനെ എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് മണികണ്ഠന്‍ എന്ന പേരിനോട് എനിക്ക് ഇഷ്ടകേടൊന്നും ഉണ്ടായിട്ടില്ല.

പക്ഷെ നാടകത്തിലേക്ക് വന്നപ്പോള്‍ പേരിന് പ്രൗഢി പോരെന്ന തോന്നല്‍ വന്നു. മണികണ്ഠന്‍ തൃപ്പൂണിത്തുറ എന്നായിരുന്നു ആദ്യ കാലത്തെ പേര്. ആ സമയത്ത് എം.എസ് തൃപ്പൂണിത്തുറ നിലവിലുണ്ട്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍ തൃപ്പൂണിത്തുറ വേണ്ടെന്ന് തോന്നി.

ആ സമയത്താണ് ഫേസ്ബുക്കൊക്കെ വരുന്നത്. അതില്‍ അകൗണ്ട് തുടങ്ങാനായി എന്റെ സുഹൃത്താണ് എന്നെ സഹായിച്ചത്. അതില്‍ മണികണ്ഠന്‍ എന്ന പേര് അടിച്ചതും കുറേ മണികണ്ഠന്മാര്‍ വന്നു. അങ്ങനെ മണികണ്ഠന്‍ രാജന്‍ ആചാരി എന്നാക്കാമെന്ന് ഞാന്‍ പറഞ്ഞു.

അത്ര വലിയ പേര് പറ്റില്ലെന്നും കേള്‍ക്കാന്‍ ഒരു സുഖമില്ലെന്നും അവന്‍ പറഞ്ഞതോടെ മണികണ്ഠന്‍ ആര്‍. ആചാരി എന്നാക്കാന്‍ പറഞ്ഞു. അങ്ങനെയൊരു പേര് ഇടുന്നതിന്റെ പിന്നില്‍ കേള്‍ക്കാനുള്ള ഒരു ഗമയെന്ന കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാനം പേര് മണികണ്ഠന്‍ ആര്‍. ആചാരി എന്നാക്കി.

ആ സമയത്ത് ആചാരിമാരായ എന്റെ ബന്ധുക്കാര് മീന്‍ വെട്ടാന്‍ പോകുന്നവന്‍ എങ്ങനെയാണ് ആചാരിയാകുന്നതെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. പിന്നെ രാജീവേട്ടന്റെ പടം വന്നപ്പോള്‍ എന്റെ പേര് വലിയ വിഷയമായി. ആചാരിമാര്‍ കുറേയാളുകള്‍ ഈ പേര് ആഘോഷിച്ചു.

അതുവരെ ജാതിയും മതവും നോക്കാതെ എനിക്ക് ഭക്ഷണവും വസ്ത്രവും പണവുമൊക്കെ തന്ന് എന്റെ തോളോട് തോള്‍ കൈ ചേര്‍ത്ത് നടന്ന ചില സുഹൃത്തുകള്‍ വിഷമിക്കാന്‍ തുടങ്ങി. ഈ പേരിന് പെരുമാറ്റവുമായി നല്ല ബന്ധമാണ്.

വിജയ് സേതുപതിയുമായി ആ സമയത്താണ് ഞാന്‍ ഒരു സിനിമ ചെയ്യുന്നത്. അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് അറിയാലോ. ‘ജാതിപ്പേരും തൂക്കി നടക്കുന്നത് എന്തിനാണ്’ എന്നാണ് അദ്ദേഹം ചോദിച്ചത്. ജാതി പേരല്ല അത് എന്റെ അച്ഛന്റെ പേരാണെന്ന് ഞാന്‍ പറഞ്ഞു.

‘ആ പേര് അച്ഛന്‍ വെച്ചില്ലേ. നീ ആ പേര് മാറ്റണ്ടേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെ വിജയ് സേതുപതി മാറ്റിയിട്ട് തന്ന പേരാണ് മണികണ്ഠ രാജന്‍. അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ട് അത് കേള്‍ക്കാതിരിക്കാന്‍ തോന്നിയില്ല. അങ്ങനെ ഞാന്‍ ഫേസ്ബുക്കില്‍ മണികണ്ഠ രാജന്‍ എന്നാക്കി മാറ്റി. ഇപ്പോള്‍ എനിക്ക് മുന്നോ നാലോ പേരുകളുണ്ട് (ചിരി),’ മണികണ്ഠ രാജന്‍ പറഞ്ഞു.

Content Highlight: Manikandan Achari Talks About Vijay Sethupathi

We use cookies to give you the best possible experience. Learn more