'കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന കര്‍ഷകനായും, നോട്ടുനിരോധനത്തെ അംഗീകരിക്കുന്ന സാധാരണക്കാരനായും എ.എന്‍.ഐ റിപ്പോര്‍ട്ടര്‍'; വിവാദം
national news
'കര്‍ഷക ബില്ലിനെ പിന്തുണയ്ക്കുന്ന കര്‍ഷകനായും, നോട്ടുനിരോധനത്തെ അംഗീകരിക്കുന്ന സാധാരണക്കാരനായും എ.എന്‍.ഐ റിപ്പോര്‍ട്ടര്‍'; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 3:23 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷക ബില്ലിനെ പിന്തുണച്ചുകൊണ്ട് ഒരു മുഖം ദേശീയ മാധ്യമമായ എ.എന്‍.എയില്‍ പ്രത്യക്ഷപ്പട്ടു.

കര്‍ഷക ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയണമെന്നുമാണ് ഈ കര്‍ഷകന്‍ എ.എന്‍.ഐയോട് പറയുന്നത്.

 

 

 

കര്‍ഷകനായി പ്രത്യക്ഷപ്പെട്ട ഇദ്ദേഹം യഥാര്‍ഥത്തില്‍ എ.എന്‍.ഐയുടെ തന്നെ റിപ്പോര്‍ട്ടറായ ശശാങ്ക് ത്യാഗിയാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. തെളിവായി ചിലര്‍ ശശാങ്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ചിത്രവും പങ്കുവെയ്ക്കുന്നു.

കാന്‍പൂരിലെ കര്‍ഷകര്‍ കര്‍ഷകബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന എ.എന്‍.ഐ റിപ്പോര്‍ട്ടിലാണ് ശശാങ്കിന്റെ മുഖം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തലം കൃഷിയിടത്തിന്റേത് അല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കോ പൂന്തോട്ടമോ ആണിതെന്നും എല്ലാവരും ഇരിക്കുന്നത് ഒരേ മരത്തിന്റെ ചുവട്ടിലാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ഈ ചിത്രത്തിലെ യുവാവായ കര്‍ഷകനെ ശ്രദ്ധിച്ചവരാണ് ഇത് എ.എന്‍.ഐയിലെ റിപ്പോര്‍ട്ടറായ ശശാങ്ക് ത്യാഗിയല്ലേ എന്ന് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

 

2016 ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോഴും സമാനമായി രീതിയില്‍ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന സാധാരണക്കാരന്റെ പ്രതികരണം എ.എന്‍.ഐ നല്‍കിയിരുന്നു. ആ വാര്‍ത്തിയിലും സാധാരണക്കാരനായി എത്തിയത് ശശാങ്ക് തന്നെയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

അന്ന് ട്വിറ്ററില്‍ വാര്‍ത്ത വൈറലായതോടെ ശശാങ്ക് എ.എന്‍.ഐയിലെ മാധ്യമപ്രവര്‍ത്തകനാണെന്ന് തെളിയുകയും വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് എ.എന്‍.ഐ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Image may contain: 3 people, outdoor, text that says "ANI ANI AN ANI ANI ANI ANI ANI"

ഇപ്പോള്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന കര്‍ഷകബില്ലിനെയും പിന്തുണച്ച് കര്‍ഷകനായി ശശാങ്ക് രംഗത്തെത്തിയിരിക്കുകയാണ്. കൃഷിസ്ഥലത്തിരുന്ന് തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റിയ കര്‍ഷകന്റെ രൂപത്തിലാണ് ശശാങ്ക് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എ.എന്‍.ഐ തന്നെയാണ് ഈ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേത്തുടര്‍ന്ന് വരുന്ന വിവാദങ്ങളെ എ.എന്‍.ഐ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ നിരവധി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ആശ്രയിക്കുന്ന വാര്‍ത്ത ഏജന്‍സിയാണ് എ.എന്‍.ഐ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  controversy about ani news