പാലക്കാട്: വാളയാറിലെ കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ.
സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണം. കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ലെന്നും ആനി രാജ പറഞ്ഞു.
അതേസമയം, അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ വിശദീകരണം. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളിലക്കം പ്രതിഷേധം രൂക്ഷമാവുകയാണ്.