ന്യൂദല്‍ഹി: മുത്തലാഖ് മൂലം പീഡനത്തിനിരയാകുന്ന മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ സെക്രട്ടറി ആനി രാജ. ഹാദിയ വിഷയത്തില്‍ ജുഡീഷ്യറി എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ സബ്കാ ഭാരത് കാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ ചോദിച്ചു.
Also Read ‘വേങ്ങരയില്‍ മത്സരിക്കാന്‍ ഖാദര്‍ യോഗ്യനല്ല’; ലീഗിനെതിരെ വിമതനായി എസ്.ടി.യു നേതാവ് രംഗത്ത്
24 വയസുളള യുവതിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുന്നുവെങ്കില്‍ അത് രാജ്യത്തെ ജുഡീഷ്യറി എത്തിപ്പെട്ട വിതാനത്തെയാണ് കാണിക്കുന്നത്. സ്വകാര്യത അവകാശമായി അംഗീകരിച്ചുവെന്ന് ആഘോഷിക്കുന്നതിനിടയിലാണ് ഹാദിയയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടതെന്നും ആനി പറഞ്ഞു.
കേരളത്തിലെ ഒരു സ്ത്രീയുടെ സ്‌നേഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചാല്‍ ഏജന്‍സി യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട പണി ആരെടുക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ദല്‍ഹി സര്‍വകലാശാല പ്രൊഫസറും രാഷ്ട്രീയ ജനതാദള്‍ ദേശീയ വക്താവുമായ മനോജ് ഝാ ചോദിച്ചു.
അഖ്‌ലാഖിന്റെയും പെഹ്‌ലുഖാന്റെയും അടക്കമുള്ള കേസുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജുഡീഷ്യറി എത്തിപ്പെട്ട അപകടകരമായ സ്ഥിതിയെയാണ് കാണിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. പോരാട്ടരംഗത്തുള്ള ആദിവാസികള്‍ക്കു മേലുള്ള സമ്മര്‍ദ്ദമാണ് എട്ടു സംസ്ഥാനങ്ങള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമമെന്നും വൃന്ദ അഭിപ്രായപ്പെട്ടു.