ന്യൂദല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയ സംഭവത്തില്‍ തങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി ബി.ജെ.പിക്ക് അനുകൂലമായി വളച്ചൊടിച്ചെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. എ.എന്‍.ഐയുടെ എഡിറ്റോറിയല്‍ പങ്കാളിയായ ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ കത്തിലാണ് ഇവരുടെ പരാതി.
‘എ.എന്‍.ഐ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുമായി ചേര്‍ന്ന് ഞങ്ങളുടെ പ്രസ്താവനകള്‍ വളച്ചൊടിച്ച് ഞങ്ങളുടെ ഉദ്ദേശ്യങ്ങളെ മോശമാക്കി ചിത്രീകരിച്ചതായി ഞങ്ങള്‍ വിശ്വസിക്കുന്നു’- റിട്ടയേര്‍ഡ് മേജര്‍ പ്രിയദര്‍ശി ചൗധരി വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചു കൊണ്ടെഴുതിയ കത്തില്‍ പറയുന്നു.
എന്നാല്‍ പ്രസ്താവനകള്‍ വളച്ചൊടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു എ.എന്‍.ഐയുടെ വിശദീകരണം. ഏപ്രില്‍ 12ന് 150 മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ പേരു പറഞ്ഞ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളെ വിലക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയിരുന്നു. കത്തില്‍ എട്ട് മുന്‍ സായുധ സേന മേധാവികളുടെ ഒപ്പും ഉണ്ടായിരുന്നു.
എന്നാല്‍ അന്നേ ദിവസം തന്നെ ഇങ്ങനെയൊരു കത്ത് എഴുതിയില്ലെന്ന് മുന്‍ ചീഫ് ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡിഗ്രസും, മുന്‍ വായുസേന മേധാവി എന്‍.സി ഷൂരിയും പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തന്റെ അറിവോടു കൂടെയല്ല തന്റെ ഒപ്പ് കത്തില്‍ വന്നതെന്ന് ലെഫ്റ്റനന്റ് ജനറല്‍ എം.എല്‍ നായിഡു പറഞ്ഞതായും എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
എന്നാല്‍ ഏപ്രില്‍ 14ന് എ.എന്‍.ഐ തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് കാണിച്ച് എം.എല്‍ നായിഡു രംഗത്തെത്തിയിരുന്നു. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനെ ബി.ജെ.പിക്ക് അനുകൂലമായി സ്വാധീനിക്കാനുള്ള ശ്രമമാണ് എ.എന്‍.ഐ നടത്തുന്നതെന്നും ചൗധരി കത്തില്‍ പറയുന്നുണ്ട്.