അച്ഛന്‍ ഐ.വി. ശശിയുടെ പാത പിന്തുടര്‍ന്ന് സിനിമാ സംവിധാന രംഗത്തേക്ക് കടന്ന വ്യക്തിയാണ് അനി ഐ.വി. ശശി. ഏറെ ആഗ്രഹിച്ച് സ്വപ്രയത്‌നത്തിലൂടെയാണ് അനി ഈ രംഗത്ത് ചുവടുറപ്പിച്ചത്. സംവിധാന സഹായിയായും സഹ എഴുത്തുകാരനായും ഏറെ നാള്‍ പ്രവര്‍ത്തിച്ച ശേഷമാണ് അനി തന്റെ സ്വന്തം സിനിമയെന്ന സ്വപ്‌നത്തിന് ചിറക് നല്‍കിയത്.
‘നിന്നിലാ നിന്നിലാ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അനിയുടെ അരങ്ങേറ്റം. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് അനി തന്നെയായിരുന്നു. ആദ്യ ചിത്രം തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
‘നിന്നിലാ നിന്നിലാ’ ആദ്യം മലയാളത്തില്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അതുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെയും അഭിനേതാക്കളെയുമെല്ലാം തെരഞ്ഞെടുത്തതുമാണെന്നും എന്നാല്‍ മലയാളത്തില്‍ തിരക്കഥ രചിച്ചപ്പോള്‍ തനിക്ക് തൃപ്തി തോന്നിയില്ലെന്നും അനി പറയുന്നു.
മലയാളത്തില്‍ വേണ്ടത്ര പ്രാവീണ്യം തനിക്കില്ലാത്തതായിരുന്നു അതിന് കാരണമെന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ കുറിപ്പില്‍ അനി പറയുന്നത്. അതേസമയം തമിഴില്‍ തിരക്കഥ പെട്ടെന്ന് തീര്‍ക്കാന്‍ സാധിച്ചെന്നും അനി പറയുന്നു.
പ്രിയദര്‍ശന്‍ സാറിനൊപ്പമായിരുന്നു താന്‍ സിനിമ കണ്ടതെന്നും സിനിമ കണ്ടിറങ്ങിയ പ്രിയദര്‍ശന്‍ സാറിന്റെ കണ്ണുനിറഞ്ഞിരുന്നെന്നും കുറച്ചു സമയത്തിന് ശേഷം തനിക്ക് അദ്ദേഹത്തിന്റെ ഒരു മെസ്സേജ് വന്നെന്നും അനി പറയുന്നു.
”ഞാനും പ്രിയദര്‍ശന്‍ സാറും ഒരുമിച്ചിരുന്നാണ് ചിത്രം കണ്ടത്. കഴിഞ്ഞപ്പോള്‍ അദ്ദേഹം തോളില്‍ തട്ടി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നു എന്നുപറഞ്ഞ് അദ്ദേഹം തിയേറ്ററിന് പുറത്തേക്കുപോയി. കുറച്ചു സമയത്തിനു ശേഷം അദ്ദേഹം എനിക്കൊരു സന്ദേശമയച്ചു, ‘വളരെ മനോഹരമായ ചിത്രം. എന്റെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഇതെന്റെ ഹൃദയത്തില്‍നിന്നും വരുന്ന വാക്കുകളാണ്,’ എന്നായിരുന്നു അത്,” അനി പറയുന്നു.
അച്ഛനാണ് തനിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നതെന്നും എന്താണ് സിനിമയെന്നും അതെങ്ങനെ എടുക്കണമെന്നും ഒരു ഷോട്ട് എങ്ങനെ സെറ്റ് ചെയ്യണമെന്നുമൊക്കെ അദ്ദേഹത്തില്‍ നിന്നാണ് താന്‍ പഠിച്ചതെന്നും അനി ഐ.വി. ശശി പറയുന്നു.