|

വരുമാനം കൊവിഡ് പ്രതിരോധത്തിന്; അനി ഐ.വി ശശിയുടെ മായ യുട്യൂബില്‍ റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ റിലീസ് ചെയ്തു. തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് ചിത്രം റിലീസ് ചെയ്തത്.

സംവിധായകന്‍ വെങ്കിട് പ്രഭു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വാക് സെന്‍, നിഹാരിക കൊണ്ടാല, അശ്വത് മാരിമുത്തു, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്.

2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക.

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

ഒപ്പമുള്‍പ്പെടെ നിരവധി മലയാളം ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ.വി ശശി. അനി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Ani. I. V. Sasi   Movie Maya   Tamil Short film  out  Ashok Selvan  Priya Anand