| Tuesday, 9th July 2024, 12:33 pm

അപകീർത്തിപ്പെടുത്തുന്ന വിവരണം നല്‍കി; വിക്കിപീഡിയയ്ക്കെതിരെ രണ്ട് കോടിയുടെ മാനനഷ്ടക്കേസ് നൽകി എ.എന്‍.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപകീര്‍ത്തികരമായ വിവരണം നല്‍കിയെന്ന് ആരോപിച്ച് വിക്കിപീഡിയയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ദല്‍ഹി ഹൈക്കോടതിയിലാണ് എ.എന്‍.ഐ കേസ് ഫയല്‍ ചെയ്തത്.

ഹരജിയുടെ അടിസ്ഥാനത്തില്‍ വിക്കിപീഡിയയ്ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹരജിയില്‍ ഓഗസ്റ്റ് 20ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

വിക്കിപീഡിയയില്‍ നല്‍കിയ ഉള്ളടക്കം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നല്‍കണമെന്നുമാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചതിനും വ്യാജ വാര്‍ത്ത നല്‍കിയതിനും എ.എന്‍.ഐ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സിയെ കുറിച്ച് വിക്കിപീഡിയ നല്‍കിയ വിവരണത്തില്‍ പറയുന്നത്.

വിക്കിപീഡിയ നല്‍കിയ ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് എ.എന്‍.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധന്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇത് എ.എന്‍.ഐക്ക് സ്വയം എഡിറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയിൽ വിക്കിപീഡിയ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങളില്‍ വിക്കിപീഡിയ വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ചൗള പറഞ്ഞു. അവര്‍ക്ക് അഭിപ്രായം വിശദീകരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.എന്‍.ഐയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിശദീകരണമാണ് വിക്കിപീഡിയ നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

പുതിയ മാനേജ്‌മെന്റിന് കീഴില്‍ 500ലധികം ജീവനക്കാരാണ് നിലവില്‍ എ.എന്‍.ഐയില്‍ പ്രവര്‍ത്തിക്കുന്നത്. എ.എന്‍.ഐയില്‍ എച്ച്.ആര്‍ മാനേജര്‍ ഇല്ലെന്നും ഏജന്‍സി തങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മുന്‍ ജീവനക്കാര്‍ അടുത്തിടെ ആരോപിച്ചിരന്നു.

Content Highlight: ANI Files Rs 2 Crore Defamation Suit Against Wikipedia Before Delhi High Court, Summons Issued

We use cookies to give you the best possible experience. Learn more