ഇന്‍ഡോര്‍: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്‌ലീം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പി വിട്ടു.
ബി.ജെ.പിയുടെ റാവു നഗര്‍ വൈസ് പ്രസിഡന്റ് സോനു അന്‍സാരി, മഹാറാണ പ്രതാപ് മണ്ഡല്‍ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍മേമന്‍, ഇന്‍ഡോറിലെ മൈനോറിറ്റി സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് ബി.ജെ.പി വിട്ടത്.
റൗവില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. “” അവര്‍(കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്‌റംഗ്ബലിയെ ഒപ്പം നിര്‍ത്താം “”- എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
പ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുസ്‌ലീം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിലെ വിജയം മാത്രം മുന്‍നിര്‍ത്തി മതവിഭാഗങ്ങളെ വേര്‍തിരിച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തുന്ന പ്രസ്താനവയില്‍ മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വം തന്നെ രാജിവെക്കുകയാണെന്നും ഇവര്‍ പ്രതികരിച്ചു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
ശിവരാജ് സിങ് ചൗഹാന്റെ വികസന നേട്ടങ്ങള്‍ നിരത്തി തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് സംസ്ഥാനത്തെത്തി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങ്ങിനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബി.ജെ.പി മൈനോറിറ്റി സെല്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് നസീര്‍ ഷാ പറഞ്ഞു. ജനങ്ങളുടെ പൊതുവികാരത്തെ എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ ബാധിക്കുന്നത് എന്ന് കത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിയ്ക്കും മതത്തിനും അതീതമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ലാദ്‌ലി ലക്ഷ്മി യോജന, ടീര്‍ത് ദര്‍ശന്‍ യോജന, പി.എം. ഹൗസിങ് സ്‌കീം ഇതെല്ലാം എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ്. ജനങ്ങളുടെ അടുത്ത് വോട്ട് ചോദിക്കാവുന്ന പദ്ധതികളാണ് ഇവയെല്ലാം.
കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ഇവിടെ പാടുപെടുകയാണ്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ ഞങ്ങളെ ഞങ്ങളുടെ മതത്തില്‍ നിന്നുപോലും അകറ്റും-അമന്‍മേമന്‍ പ്രതികരിച്ചു. യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഞങ്ങളുടെ മതത്തില്‍പ്പെട്ടവരുടെ ഇടയില്‍ പോയി വോട്ട് ചോദിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇനി ബി.ജെ.പിക്കൊപ്പം നില്‍ക്കില്ല. പാര്‍ട്ടി വിടുകയാണ് – അദ്ദേഹം പറഞ്ഞു.