| Tuesday, 12th March 2019, 1:58 pm

സര്‍ഫ് എക്‌സല്‍ പാര്‍ട്ണറെന്ന് കരുതി മൈക്രോസോഫ്റ്റ് എക്‌സലിന് 1 സ്റ്റാര്‍ റേറ്റിങ് ഇട്ട് സംഘപരിവാര്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ഫ് എക്‌സല്‍ പാര്‍ട്ണര്‍ എന്ന് കരുതി സ്‌പെഡ്ഷീറ്റ് ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് എക്‌സലിന് വണ്‍ സ്റ്റാര്‍ റേറ്റിങ് കൊടുത്ത് സംഘപരിവാര്‍ അനുകൂലികള്‍. ഗൂഗിള്‍ പ്ലെസ്റ്റോറില്‍ ചെന്നാണ് വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൈക്രോ സോഫ്റ്റ് എക്‌സല്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യന്നത്.

“” സര്‍ഫ് എക്‌സലുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന് അറിയുന്നതുവരെ ഞാന്‍ ഈ ആപ്പ് ഉപയോഗിച്ചിരുന്നു. എന്നാല്‍ മതവിരുദ്ധമായ പരസ്യം ചെയ്തതിന് ശേഷം എക്‌സല്‍ എന്ന വാക്ക് എവിടെ കണ്ടാലും അത് ഒരു ഹിന്ദുവിരുദ്ധ പ്രൊപ്പഗണ്ടയായാണ് തോന്നുന്നത്. ഇങ്ങനെ ചെയ്യുന്ന നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു””- എന്നിങ്ങനെയുള്ള കമന്റുകളാണ് പേജില്‍ നിറയുന്നത്.

“” സര്‍ഫ് എക്‌സല്‍ ബഹിഷ്‌ക്കരിക്കൂ. അത് ഹിന്ദു വിരുദ്ധമാണ്. നിങ്ങളുടെ കച്ചവടം പാക്കിസ്ഥാനില്‍ ചെന്ന് നടത്തൂ””- എന്നായിരുന്നു എക്‌സല്‍ പേജിന് താഴെ വന്ന മറ്റൊരു കമന്റ്.

“എടാ രാജ്യദ്രോഹികളെ, ഞങള്‍ സംഘം ഒന്ന് മനസ്സുവെച്ചാല്‍ നിന്റെയൊക്കെ സര്‍ഫെക്സല്‍ കച്ചവടവും പൂട്ടി കണ്ടം വഴി ഓടേണ്ടി വെരും നീയൊക്കെ. നിനക്കൊന്നും സംഘ പ്രവര്‍ത്തകരെ അറിയില്ല. ജയ് ഗോമാതാ..”

യഥാര്‍ത്ഥത്തില്‍ സര്‍ഫ് എക്‌സലും മൈകോസോഫ്റ്റ് എക്‌സലും തമ്മില്‍ യാതൊരു പാര്‍ട്ണര്‍ഷിപ്പും ഇല്ലെന്നിരിക്കെയാണ് എക്‌സല്‍ എന്ന ഒറ്റവാക്കിന് പുറത്ത് മൈക്രോസോഫ്റ്റ് എക്‌സലിനെ സംഘികള്‍ പൊങ്കാലയിടുന്നത്.

കഴിഞ്ഞ ദിവസമാണ് മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടങ്ങിയത്. #BoycottSurfExcel എന്ന ഹാഷ്ടാഗിലായിരുന്നു സൈബര്‍ ആക്രമണം.

ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.


‘സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കൂ’ മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ സംഘപരിവാര്‍


ബക്കറ്റ് നിറയെ ചായവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ക്കു മുമ്പില്‍ ഹിന്ദു പെണ്‍കുട്ടി പോയി നില്‍ക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ചായം മുഴുവനും തനിക്കുമേല്‍ എറിഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം അവള്‍ മുസ്ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടിയ്ക്കുമേല്‍ ചായം എറിഞ്ഞവരില്‍ ഒരു കുട്ടിയുടെ കയ്യില്‍ അല്പം ചായം ബാക്കിയുണ്ടായിരുന്നു. മുസ്ലിം സുഹൃത്തുമായി പെണ്‍കുട്ടി പോകവേ ആ കുട്ടി ബാക്കിയുള്ള ചായം എറിയാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ അവളെ തടയുന്നു.

പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ “ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം” എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. “നമുക്ക് ചായത്തില്‍ കളിക്കാലോ”യെന്ന് പെണ്‍കുട്ടി മറുപടി പറയുകയും ചെയ്യുന്നു. ഈ പരസ്യത്തിനെതിരെയായിരുന്നു ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more