| Saturday, 25th June 2022, 6:48 pm

ഇങ്ങേര്‍ക്ക് ആരോടെങ്കിലും കലിപ്പായാല്‍ മതിയോ? ഇത്തവണ ചീത്തവിളി ഇന്ത്യന്‍ ആരാധകര്‍ക്ക്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയിപ്പോള്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീമായ ലെസ്റ്റര്‍ഷെയറുമായി സന്നാഹ മത്സരം കളിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ബാക്കിയുള്ള ഏക ടെസ്റ്റിന് വേണ്ടിയാണ് കൗണ്ടി ടീമുമായി ഇപ്പോള്‍ ചതുര്‍ദിന സന്നാഹ മത്സരം ഇന്ത്യ കളിക്കുന്നത്.

ടീമിനെ കുറിച്ചും മത്സരത്തെ കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. താരത്തിന്റെ വസതിക്ക് പുറത്തെത്തിയ ഇന്ത്യന്‍ ആരാധകരോട് ദേഷ്യപ്പെടുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ താരം കമലേഷ് നാഗര്‍കോട്ടിയെ ബുള്ളി ചെയ്തിന്റെ പേരിലാണ് കോഹ്‌ലി ആരാധകരോട് കലിപ്പായിരിക്കുന്നത്. ഇംഗ്ലണ്ടിനെയിരെയുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിന്റെ ഭാഗമല്ലെങ്കിലും നാഗര്‍കോട്ടി നെറ്റ് ബൗളറായി ടീമിനൊപ്പം ചേര്‍ന്നിരുന്നു.

ആരാധകരുമായി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും സംസാരിക്കുന്നതും, അവരോട് ദേഷ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലെ ഒരു ആരാധകന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതും.

നാഗര്‍കോട്ടിക്കൊപ്പം ഫോട്ടോ വേണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്നാല്‍ താരം അതിന് വിസമ്മതിക്കുകയായിരുന്നു. പലതവണ താരത്തോട് ആവശ്യപ്പെട്ടിട്ടും നാഗര്‍കോട്ടി നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് ആരാധകന്‍ നാഗര്‍കോട്ടിക്കെതിരെയുള്ള പരാതിയെന്നോണമാണ് വിരാടിനെ സമീപിച്ചത്.

കമലേഷ് നാഗര്‍കോട്ടി

താന്‍ ജോലിയില്‍ നിന്നും അവധിയെടുത്താണ് ഇവിടെ വന്നതെന്നും അതിനാല്‍ താന്‍ ആ ചിത്രത്തിന് അര്‍ഹനാണ് എന്നുമായിരുന്നു ആരാധകന്റെ വാദം. ആരാധകന്റെ അധികാരസ്വരം കേട്ടതോടെയാണ് വിരാട് പ്രകോപിതനായത്.

ഒരു പ്രത്യേക കാഴ്ചക്കാരന് വേണ്ടിയല്ല നാഗര്‍കോട്ടി ഇവിടെ എത്തിയതെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

‘അവന്‍ നിനക്ക് വേണ്ടിയാണോ ഇവിടെ വന്നത്? അവനിവിടെ ക്രിക്കറ്റ് കളിക്കാനാണ് വന്നത്,” എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

ഈ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് യുവതാരത്തിനോടുള്ള താരത്തിന്റെ കരുതലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.

നിലവില്‍ 48.4 ഓവര്‍ പിന്നിടുമ്പോള്‍ 203 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

Content Highlight:  Angry Virat Kohli teaches a lesson to a fan for his dictating tone

We use cookies to give you the best possible experience. Learn more