| Thursday, 17th December 2020, 9:17 pm

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് കര്‍ഷക സമരത്തിന് പിന്നില്‍; യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍  നടത്തുന്ന സമരത്തെ വിമര്‍ശിച്ച് യോഗി ആദിത്യ നാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ രോഷാകുലരായ പ്രതിപക്ഷമാണ് കര്‍ഷകസമരത്തിന് പിന്നിലെന്നാണ് യോഗിയുടെ വിമര്‍ശനം.

‘ഭാരതം ഏക ഭാരതം, ശ്രേഷ്ഠ ഭാരതമായി മാറുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവരുടെ അസൂയയാണ് ഈ സമരം. എംഎസ്പി തിരിച്ചെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ എന്തിനാണ് ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മറ്റൊന്നുമല്ല, അവര്‍ക്ക് ഇപ്പോള്‍ ഞങ്ങളോട് അടങ്ങാത്ത ദേഷ്യമാണ്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് അവര്‍ക്ക് സഹിക്കുന്നില്ല. അതാണ് മോദിയ്‌ക്കെതിരെ കര്‍ഷകരെ സംഘടിപ്പിക്കാന്‍ കാരണം’, യോഗി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.

ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനങ്ങള്‍ കേള്‍ക്കുകയായിരുന്നു കോടതി.

ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അംഗീകരിക്കുന്നതായി കോടതി പറഞ്ഞു, അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയോ ബാധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രതിഷേധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ യൂണിയനോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.

അതേസമയം, ദല്‍ഹി അതിര്‍ത്തിയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം 22-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Yogi Adityanath Slams Opposition For Farmers Strike

We use cookies to give you the best possible experience. Learn more