ഇത് യു.എന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനം; ഐക്യരാഷ്ട്ര സഭയില്‍ യു.എന്‍ ചാര്‍ട്ടര്‍ കീറിയെറിഞ്ഞ് ഇസ്രഈല്‍ അംബാസിഡര്‍
World
ഇത് യു.എന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനം; ഐക്യരാഷ്ട്ര സഭയില്‍ യു.എന്‍ ചാര്‍ട്ടര്‍ കീറിയെറിഞ്ഞ് ഇസ്രഈല്‍ അംബാസിഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 1:25 pm

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ യു.എന്‍ ചാര്‍ട്ടര്‍ കീറിയെറിഞ്ഞ് ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍. ഫലസ്തീന്റെ പൂര്‍ണ്ണ അംഗത്വത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു എര്‍ദാന്റെ നടപടി.

ഫലസ്തീനെ യു.എന്നിന്റെ 194-ാമത് അംഗമായി അംഗീകരിക്കുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കിയിരുന്നു. യു.എന്‍ നിരീക്ഷക പദവിയുള്ള ഫലസ്തീനെ പൂര്‍ണ അംഗമാക്കാന്‍ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേല്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 143 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാസായ പ്രമേയത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രാഈലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

പ്രമേയത്തെ ശക്തമായി എതിര്‍ത്ത ഇസ്രഈല്‍ അംബാസിഡര്‍ പ്രമേയം യു. എന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണെന്ന് പറഞ്ഞു. യു.എന്‍ ചാര്‍ട്ടര്‍ കീറിമുറിക്കുന്നതിനിടയില്‍ തന്റെ ഈ പ്രവര്‍ത്തി ലോകം കാണാനായി താന്‍ കണ്ണാടി ഉയര്‍ത്തി പിടിക്കുകയാണെന്ന് എര്‍ദാന്‍ പറഞ്ഞു .

‘ഈ ദിവസം വളരെ കുപ്രസിദ്ധി നിറഞ്ഞതാണ്, ലോകം മുഴുവന്‍ ഈ നിമിഷം ശ്രദ്ധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രവര്‍ത്തി ലോകം എന്നും ഓര്‍ക്കണം. അതിനായി ഞാന്‍ കണ്ണാടി ഉയര്‍ത്തിപ്പിടിക്കുന്നു,’ എര്‍ദാന്‍ പറഞ്ഞു.

ഭീകര രാഷ്ട്രമായ ഹമാസിന് പ്രത്യേകാവകാശങ്ങള്‍ നല്‍കാനാണ് യു.എന്നിന്റെ ശ്രമം എന്ന് പറഞ്ഞ എര്‍ദാന്‍ തന്റെ ഈ പ്രവര്‍ത്തിയുടെ ഫലം ഭാവിക്കു വേണ്ടിയുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ അംഗീകരിക്കുന്ന യു.എന്നിന്റെ തെറ്റായ നടപടി ലോകത്തിനു മുന്നില്‍ വ്യക്തമാക്കാനാണ് താന്‍ യു.എന്‍ ചാര്‍ട്ടര്‍ കീറിക്കളഞ്ഞത് എന്നാണ് എര്‍ദാന്‍ പിന്നീട് എക്സില്‍ പോസ്റ്റ് ചെയ്തത്. പ്രമേയം പാസാക്കിയതിനെ ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അപലപിച്ചു. യു,എന്നിന്റെത് അസംബന്ധ തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം, ഫലസ്തീന്‍ യു,എന്‍ രക്ഷാസമിതിയില്‍ നിന്ന് പൂര്‍ണ അംഗത്വം അഭ്യര്‍ത്ഥിക്കുമെന്ന് ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു. ഇസ്രഈലിന്റെ ഫലസ്തീന്‍ ആധിപത്യത്തെ വിമര്‍ശിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടും, ഇത് വരെയും യുദ്ധം നിര്‍ത്തിവെക്കാനുള്ള ഒരു നടപടിയും ഇസ്രഈലിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Content Highlight: Angry Israel Envoy Shreds UN Charter After Palestine Membership Vote