കളി തോറ്റതിന്റെ ദേഷ്യം ആരാന്റെ നെഞ്ചത്ത്; റൊണാള്‍ഡോയെ കൂവി വിളിച്ച് ആരാധകര്‍; വീഡിയോ
Sports News
കളി തോറ്റതിന്റെ ദേഷ്യം ആരാന്റെ നെഞ്ചത്ത്; റൊണാള്‍ഡോയെ കൂവി വിളിച്ച് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th March 2023, 10:01 pm

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പരാജയം നേരിടേണ്ടി വന്നിരുന്നു. അല്‍ ഇത്തിഹാദിനോടായിരുന്നു എതിരില്ലാത്ത ഒരു ഗോളിന് അല്‍ നസര്‍ തോറ്റത്. ഇതോടെ തോല്‍വിയറിയാതെ മുന്നേറിയ അല്‍ നസറിന്റെ കുതിപ്പിനും വിരാമമായി.

മത്സരത്തിന്റെ 80ാം മിനിട്ടില്‍ റോമാരീന്യോ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് അല്‍ ഇത്തിഹാദ് മുന്‍ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്. ഈ വിജയത്തിന് പിന്നാലെ അല്‍ നസറിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും അല്‍ ഇത്തിഹാദിനായി.

അല്‍ ഇത്തിഹാദിന്റെ തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം വിട്ടതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കളി തോറ്റതിന് പിന്നാലെ ഇത്തിഹാദ് ആരാദകര്‍ റൊണാള്‍ഡോയെയും അല്‍ നസറിനെയും കളിയാക്കിക്കൊണ്ട് ചാന്റ് ചെയ്തിരുന്നു.

മത്സരം തോറ്റതിന്റെ ദേഷ്യത്തിലായിരുന്ന റൊണാള്‍ഡോയെ സമാധാനിപ്പിക്കാന്‍ സഹതാരങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ ചാന്റിന് പിന്നാലെ താരത്തിന്റെ സംയമനം നഷ്ടപ്പെടുകയും ലൈനിനടുത്ത് വെച്ച വെള്ളക്കുപ്പികള്‍ ചവിട്ടി തെറിപ്പിക്കുകയുമായിരുന്നു.

റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിക്ക് പിന്നാലെ സ്റ്റേഡിയമൊന്നാകെ താരത്തെ കൂവി വിളിച്ചിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്.

അല്‍ ഇത്തിഹാദിനോടേറ്റ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ക്കായി താരം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. മത്സര ഫലത്തില്‍ നിരാശനാണെന്നും അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ആരാധകരോട് കടപ്പെട്ടിരിക്കുന്നുവെന്നും റൊണാള്‍ഡോ പോസ്റ്റില്‍ പങ്കുവെച്ചു.

‘മത്സരത്തിന്റെ റിസള്‍ട്ടില്‍ നിരാശനാണ്. പക്ഷെ ഞങ്ങള്‍ തീര്‍ച്ചയായും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അല്‍ നസര്‍ ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി,’ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അല്‍ നസറിലെത്തിയതിന് പിന്നാലെ മികച്ച പ്രകടനമായിരുന്നും താരം നടത്തിയത്. ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരവും റൊണാള്‍ഡോക്കായിരുന്നു ലഭിച്ചത്. ഹാട്രിക്കും സൂപ്പര്‍ ഹാട്രിക്കുമടക്കം എട്ട് ഗോളാണ് താരം ഫെബ്രുവരിയില്‍ നേടിയത്.

മാര്‍ച്ച് 14നാണ് അല്‍ നസറിന്റെ മത്സരം. അഭയാണ് എതിരാളികള്‍.

 

Content Highlight:  Angry Cristiano Ronaldo Kicks Water Bottles After Defeat In Saudi Pro League