മതം ചോദിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവം: ബി.ജെ.പി വെട്ടുകിളിക്കൂട്ടം സുഷമാ സ്വരാജിനെതിരെയും
national news
മതം ചോദിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവം: ബി.ജെ.പി വെട്ടുകിളിക്കൂട്ടം സുഷമാ സ്വരാജിനെതിരെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 11:10 am

ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈബര്‍ അക്രമികളുടെ വിളയാട്ടം. ലഖ്‌നൗവില്‍ പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകരടക്കം സംഘം ചേര്‍ന്ന് സുഷമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അതിക്രമം അഴിച്ചുവിട്ടിരിക്കുന്നത്.

മിശ്രവിവാഹിതരായ ഹിന്ദു-മുസ്‌ലിം ദമ്പതികളോട് ഹിന്ദുമതം സ്വീകരിക്കാന്‍ തയ്യാറായാലേ പാസ്സ്‌പോര്‍ട്ട് അനുവദിക്കുകയുള്ളൂവെന്നു പറഞ്ഞ വികാസ് മിശ്ര എന്ന പാസ്സ്‌പോര്‍ട്ട് ഓഫീസറെ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ട്രാന്‍സ്ഫര്‍ ചെയ്തതോടെയാണ് ബി.ജെ.പിയിലെ തന്നെ തീവ്രഹിന്ദു ഘടകം സുഷമയ്‌ക്കെതിരായത്.


Also Read: എങ്ങനെയാണ് ആ അധ്യാപകന്‍ ഞങ്ങളുടെ ചങ്കായത്? ട്രാന്‍സ്ഫര്‍ കിട്ടിയ അധ്യാപകനെ സ്‌നേഹംകൊണ്ട് തടഞ്ഞ വിദ്യാര്‍ഥികള്‍ പറയുന്നു


ഇതിനു ശേഷമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപകരമായ കമന്റുകളും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മണിക്കൂറുകള്‍ക്കകമാണ് ഔദ്യോഗിക പേജിന്റെ റേറ്റിംഗ് 4.3ല്‍ നിന്നും 1.4ലേക്ക് ചുരുങ്ങിയത്. 30,000 പേജ് റിവ്യൂകളാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

“സുഷമ സ്വരാജ് ജിയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ്ങില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ഇത്ര വലിയ വ്യത്യാസം വന്നതിനെയാണ് അഭിപ്രായസ്വാതന്ത്ര്യം എന്നു പറയുന്നത്. “പ്രീണനങ്ങളില്ലാതെ എല്ലാവര്‍ക്കും തുല്യനീതി” എന്ന സര്‍ക്കാര്‍ നയത്തെ ഓര്‍മപ്പെടുത്താനുള്ള നീക്കം മാത്രമാണിത്.” സുഷമയ്ക്ക് വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഒരാള്‍ കുറിച്ചു.

“മതേതരത്വം എന്ന കീടം നിങ്ങളെയും ബാധിച്ചിരിക്കുകയാണോ” എന്നാണ് മറ്റൊരു കമന്റ്. അധിക്ഷേപങ്ങളുടെയും റിവ്യൂവിന്റെയും കാഠിന്യമേറിയതോടെ പേജ് അഡ്മിന്‍ കേന്ദ്രമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും റിവ്യൂ ഓപ്ഷന്‍ എടുത്തു മാറ്റിയിട്ടുണ്ട്.


Also Read: എങ്ങനെയാണ് ആ അധ്യാപകന്‍ ഞങ്ങളുടെ ചങ്കായത്? ട്രാന്‍സ്ഫര്‍ കിട്ടിയ അധ്യാപകനെ സ്‌നേഹംകൊണ്ട് തടഞ്ഞ വിദ്യാര്‍ഥികള്‍ പറയുന്നു


ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു ലക്ഷത്തോളം സൈബര്‍ പോരാളികളെ ബി.ജെ.പി. നേതൃത്വം രംഗത്തിറക്കിയ വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന കേന്ദ്ര മന്ത്രിക്ക് സൈബര്‍ ട്രോളിങ് നേരിടേണ്ടി വന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിന്ദുമതത്തിലേക്ക് മാറിയാലേ പാസ്പോര്‍ട്ട് ലഭിക്കൂവെന്ന് മിശ്രവിവാഹിതരായ ദമ്പതികളോട് യു.പിയിലെ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലെ ജീവനക്കാരന്‍ വികാസ് മിശ്ര പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നത്. അനസ് സിദ്ദിഖി, താന്‍വി സേത് ദമ്പതികള്‍ക്കാണ് ഇത്തരമൊരു അധിക്ഷേപം നേരിടേണ്ടിവന്നത്.

രേഖകളെല്ലാം പൂര്‍ണമായിരുന്നിട്ടും തന്റെ ഫയല്‍ നിരസിച്ചെന്നാണ് താന്‍വിയുടെ ആരോപണം. അനസിന്റെ പേര് വിളിച്ച് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അപമാനിച്ചെന്നും അവര്‍ പറയുന്നു

അഞ്ച് ട്വീറ്റുകളിലൂടെയും ഇമെയില്‍ സന്ദേശങ്ങളിലൂടെയും പാസ്പോര്‍ട്ട് ഓഫീസില്‍ തങ്ങള്‍ക്കുനേരിടേണ്ടിവന്ന വിവേചനം താന്‍വി വിദേശകാര്യമന്ത്രിയെ അറിയിച്ചിരുന്നു. വിവാഹശേഷം പേരുമാറ്റുകയെന്നത് എല്ലാ പെണ്‍കുട്ടികളുടേയും കടമയാണെന്നു പറഞ്ഞ് തന്നോട് അവര്‍ പേരുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും താന്‍വി പറയുന്നു.


Also Read: കാശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണം ഗവര്‍ണര്‍ ജഗ്‌മോഹന്‍ സിംഗ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാഫുദ്ദിന്‍ സോസ്


ശേഷം വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് വികാസ് മിശ്രയും രംഗത്ത് വന്നിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഷാദിയ അനസ് എന്നാണ് പേര് രേഖപ്പെടുത്തിയതെന്നും ഇത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തത് എന്നുമായിരുന്നു വികാസ് മിശ്രയുടെ ന്യായീകരണം