കേപ്പ്ടൗൺ: ഫലസ്തീനിലെ ഇസ്രാഈലി നയങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണവിവേചനത്തിന്റെ കാർബൺ കോപ്പിയാണെന്ന് കേപ്പ്ടൗണിലെ ആംഗ്ലിക്കൻ ആർച്ച്ബിഷപ് താബോ മക്ഗോബ.
ഈ കാര്യം ദക്ഷിണാഫ്രിക്കൻ ജനത അംഗീകരിക്കാത്ത പക്ഷം ഫലസ്തീനികളെ കീഴ്പ്പെടുത്തുന്നതിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആംഗ്ലിക്കൻ ചർച്ച് ഓഫ് സതേൺ ആഫ്രിക്കയുടെ (എ.സി.എസ്.എ) നേതാവ് കൂടിയാണ് താബോ മക്ഗോബ. ഇസ്രാഈലിനെ വർണവിവേചന രാഷ്ട്രമായി ചർച്ച് പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും വേദനയിൽ ദുഖിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, ഫലസ്തീനിലും ഇസ്രാഈലിലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ എന്ന നിലയിൽ, നമുക്ക് യാഥാർത്ഥ്യങ്ങളെ അവഗണിക്കാനാവില്ല.
‘വർണവെറിക്ക് കീഴിൽ ജീവിച്ച ആഫ്രിക്കയിലെ കറുത്ത വർഗക്കാർ ഇസ്രാഈലിലെത്തുമ്പോൾ അതിന് സമാന്തരമായി നടക്കുന്ന കാര്യങ്ങൾ അവഗണിക്കുക അസാധ്യമാണ്. നമ്മൾ നിശബ്ദരായി നോക്കിനിൽക്കുകയാണെങ്കിൽ ഫലസ്തീനികളെ അടിച്ചമർത്തുന്നതിന് നമ്മളും പങ്കാളികളാകും,’ മക്ഗോബ പറഞ്ഞു.
ബിഷപ്പിന്റെ പ്രഖ്യാപനത്തിനെതിരെ ‘ആന്റി സെമറ്റിക്’ എന്ന് പറഞ്ഞ് ആഫ്രിക്കൻ സയണിസ്റ്റ് സംഘടന രംഗത്ത് വന്നപ്പോൾ സൗത്ത് ആഫ്രിക്ക ബോയ്കോട്ട് ഡിവെസ്റ്റ്മെന്റ് ആൻഡ് സാങ്ഷൻ കോളീഷൻ (ബി.ഡി.എസ്) തീരുമാനത്തെ സ്വാഗതം ചെയ്തു.
തങ്ങളുടെ തീരുമാനം ജൂതർക്കെതിരെയുള്ള ആക്രമണമല്ല, ഇസ്രാഈൽ സർക്കാരിന്റെ അതിരുവിട്ട നയങ്ങൾക്കെതിരെയാണെന്ന് ആംഗ്ലിക്കൻ ചർച്ച് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രിയായ നലേഡി പാൻഡോറും ഇസ്രാഈലിനെ വർണവിവേചന രാഷ്ട്രമെന്ന് പറഞ്ഞിരുന്നു.
യു.എസിലെ ഡിസിപിൾസ് ഓഫ് ക്രൈസ്റ്റ് ചർച്ചിന്റെ പുരോഹിതൻ ജെഫ് റൈറ്റ് അമേരിക്കയിലെ ചർച്ചുകളോട് ഇസ്രാഈലിന്റെ വർണവിവേചന നയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
CONTENT HIGHLIGHT: Anglican Church of Southern Africa declares Israel an apartheid state