national news
'ചോദ്യങ്ങള്‍ വേണ്ട'; കൊവിഡിന്റെ മറവില്‍ പാര്‍ലമെന്റില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്ത് കേന്ദ്രം; ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 02, 07:55 am
Wednesday, 2nd September 2020, 1:25 pm

ന്യൂദല്‍ഹി: സെപ്തംബര്‍ 14ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡിന്റെ പ്രതിദിന വ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ തുടരുന്നതിനിടെ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നാണ് ചോദ്യോത്തരവേള നരേന്ദ്രമോദി സര്‍ക്കാര്‍ ഒഴിവാക്കിയത്.

ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി.

പാര്‍ലമെന്റ് സമ്മേളനത്തിലെ ആദ്യ ഒരു മണിക്കൂര്‍ എം.പിമാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്. ഇതാണ് കൊവിഡിന്റെ മറവില്‍ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്.

ഇതിനുപുറമെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമായ സീറോ അവര്‍ അരമണിക്കൂറായി ചുരുക്കിയെന്നും എന്‍.ഡി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ഡെറിക് ഒ ബ്രിയണ്‍ മഹാമാരിയുടെ മറവില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് വിഷയത്തില്‍ പ്രതികരിച്ചു.

”പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് പതിനഞ്ച് ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ ചോദ്യങ്ങള്‍ എം.പിമാര്‍ സമര്‍പ്പിക്കുന്നതാണ്. പതിനാലാം തീയ്യതി പാര്‍ലമെന്റ് സമ്മേളിക്കാനിരിക്കെയാണ് ചോദ്യോത്തരവേള റദ്ദ് ചെയ്യുന്നത്.

ഇതോട്കൂടി പ്രതിപക്ഷ എം.പിമാര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. മഹാമാരി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ജീവവായുവാണെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. മഹാമാരിയെ മറയാക്കി ജനാധിപത്യത്തെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പേ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ വൈകി വന്ന ഈ ഉത്തരവ് സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് പറയുന്നത് എങ്ങിനെ അംഗീകരിക്കാന്‍ കഴിയും’. ശശി തരൂര്‍ ചോദിച്ചു.

രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായാണ് രാജ്യസഭയും ലോക സഭയും സമ്മേളിക്കുക. ആദ്യ ദിവസം രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ലോക്‌സഭാ സമ്മേളനം നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ 7 വരെയായിരിക്കും ലോക്‌സഭ യോഗം. രാജ്യസഭ ആദ്യത്തെ ദിവസം വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 1 മണിവരെയുമാണ് യോഗം ചേരുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: no question hour move in parliament session results in anger