| Friday, 6th December 2024, 10:07 pm

മധ്യപ്രദേശ്; ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് കുഞ്ഞുങ്ങളെ മർദിച്ചു, വീഡിയോ വൈറൽ; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ജയ് ശ്രീറാം വിളിക്കാത്തതിന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദനം. മൂന്ന് കുട്ടികളെ മർദിക്കുന്നതായി കാണിക്കുന്ന വീഡിയോ വ്യാഴാഴ്ച രാത്രി വൈറലായിരുന്നു.

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ലോക്കൽ പൊലീസ് സ്റ്റേഷന് പുറത്ത് മുസ്‌ലിം സമുദായാംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി.

മധ്യപ്രദേശിലെ അമൃത് സാഗർ ഗാർഡനിലാണ് സംഭവം. ഒരു യുവാവ് കുട്ടികളെ ചെരിപ്പുകൊണ്ട് അടിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാവുന്നതാണ്.

പരിഭ്രാന്തരായ കുട്ടികൾ അപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും കാണാം. എന്നിരുന്നാലും, യുവാവ് തൻ്റെ ആക്രമണം തുടരുന്നതും അവരെ തല്ലുകയും ഉച്ചത്തിൽ മുദ്രാവാക്യം ആവർത്തിക്കാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ജില്ലയിലെ പൊലീസ് പറയുന്നതനുസരിച്ച്, ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഒരാൾ 6, ഒമ്പത്,11 വയസ്സ് പ്രായമുള്ള കുട്ടികളെ ചെരിപ്പുകൊണ്ട് അടിക്കുന്നതും മറ്റൊരാൾ സംഭവം റെക്കോർഡുചെയ്യുന്നതും കാണിക്കുന്നു.

വീഡിയോയിൽ വേദന കൊണ്ട് കുട്ടി അല്ലാഹുവിനെ വിളിച്ച് കരയുമ്പോൾ യുവാവ് വീണ്ടും വീണ്ടും അടിക്കുന്നത് കാണാം. തുടർന്ന് സംഘർഷം രൂക്ഷമായി. നടപടി ആവശ്യപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനിൽ ജനക്കൂട്ടം തടിച്ച് കൂടി.

Content Highlight: Anger in Madhya Pradesh over video showing 3 children being assaulted, made to chant religious slogan

We use cookies to give you the best possible experience. Learn more