| Tuesday, 10th April 2018, 9:28 pm

കര്‍ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷം; യെദ്യൂരപ്പയുടെ പോസ്റ്റര്‍ കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച പുറത്തുവിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കടുത്ത സംഘര്‍ഷം. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കര്‍ണാടക ബി.ജെ.പി നേതാക്കളും അനുയായികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി നേതാവ് ജഗദീഷ് സി. മെത്ഗുഡിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ബെലഗവി ജില്ലയിലെ ഭവനത്തില്‍ നിന്നും സങ്കൊലി രായണ്ണ സര്‍ക്കിള്‍ വരേക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്. യെദ്ദ്യൂരപ്പക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു മാര്‍ച്ച്. 100ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ യെദ്ദ്യൂരപ്പയുടെ പോസ്റ്ററിനു നേരെ ചെരിപ്പുകളെറിയുകയും ശേഷം പോസ്റ്ററിന് തീവെക്കുകയും ചെയ്തു.


Also Read: എം.എം അക്ബര്‍ പറഞ്ഞത് കള്ളം; പീസ് സ്‌കൂളിലെ അധ്യാപകരിലും രക്ഷിതാക്കളിലും ഡയറക്ടര്‍മാരിലും ഐ.എസ് അനുകൂലികള്‍: ആരോപണവുമായി ഐ.എസ് കേന്ദ്രത്തിലെ മലയാളി


2013 ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എ വിശ്വനാഥ് ഗൗഡ പാട്ടീലാണ് ജഗദീഷ് സി. മെത്ഗുഡിന് പകരം മത്സരിക്കുന്നത്.

ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തരല്ലാത്ത നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

സംഭവം മാധ്യമശ്രദ്ധ നേടിയതോടെ വിയോജിപ്പുകള്‍ വളരെ സ്വാഭാവികമാണെന്ന് ബി.എസ്. യെദ്യൂരപ്പ പ്രതികരിച്ചു. പ്രതിഷേധപ്രകടനം നടത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി അവരുടെ നിരാശയെ ശമിപ്പിക്കാന്‍ ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more