ലോകകപ്പില്‍ ഇവന്‍ ലങ്കയുടെ രക്ഷകനാകുമോ? പതിരാനക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് ശ്രീലങ്ക
icc world cup
ലോകകപ്പില്‍ ഇവന്‍ ലങ്കയുടെ രക്ഷകനാകുമോ? പതിരാനക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 8:56 pm

പരിക്കേറ്റ മതീശ പതിരാനക്ക് പകരക്കാരനായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക. ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏയ്ഞ്ചലോ മാത്യൂസിനെും ദുഷ്മന്ത ചമീരയെയും ഇന്‍ജ്വറി കവേഴ്‌സായി ലങ്ക സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നു.

‘ഏയ്ഞ്ചലോ മാത്യൂസും ദുഷ്മന്ത ചമീരയും ടീമില്‍ ട്രാവലിങ് റിസേര്‍വ് താരങ്ങളായി ലോകകപ്പ് സ്‌ക്വാഡിനൊപ്പം സഞ്ചരിക്കുമെന്ന കാര്യം അറിയിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുകയാണ്. ലോകകപ്പ് സ്‌ക്വാഡിലെ ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ മറ്റെന്തെങ്കിലും ആകസ്മികമായ സാഹചര്യങ്ങള്‍ നേരിടുകയോ ചെയ്യുമ്പോള്‍ ടീം തയ്യാറാണെന്ന് ഉറപ്പാക്കാനായാണ് സെലക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്,’ ഒക്ടോബര്‍ 19ന് പുറത്തുവിട്ട പ്രസ്താവനയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരത്തിലും പതിരാന സമ്പൂര്‍ണ പരാജയമായിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ 95 റണ്‍സാണ് പതിരാന വഴങ്ങിയത്. ഒരു വിക്കറ്റും സ്വന്തമാക്കി.

പാകിസ്ഥാനെതിരെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും പതിരാന റണ്‍ വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിച്ചിരുന്നില്ല. മുഹമ്മദ് റിസ്വാന്റെയും അബ്ദുള്ള ഷഫീഖിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞ പതിരാന 90 റണ്‍സാണ് മത്സരത്തില്‍ വഴങ്ങിയത്.

അതേസമയം, ഏയ്ഞ്ചലോ മാത്യൂസിന്റെ വരവ് ടീമില്‍ മാറ്റമുണ്ടാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ലങ്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ മാത്യൂസിന്റെ അനുഭവ സമ്പത്തും ലോകകപ്പില്‍ ഗുണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2008ല്‍ ഏകദിന ക്രിക്കറ്റില്‍ ലങ്കന്‍ ലയണ്‍സിനായി അരങ്ങേറ്റം കുറിച്ച മാത്യൂസ് ഇതുവരെ 221 മത്സരങ്ങളില്‍ ടീമിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 221 മത്സരത്തിലെ 191 ഇന്നിങ്‌സില്‍ നിന്നുമായി 5,865 റണ്‍സാണ് മാത്യൂസ് നേടിയിരിക്കുന്നത്.

 

 

ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച മാത്യൂസിന്റെ ഉയര്‍ന്ന സ്‌കോര്‍ 2014 റാഞ്ചിയില്‍ ഇന്ത്യക്കെതിരെ പുറത്താകാതെ നേടിയ 139 റണ്‍സാണ്. മത്സരത്തില്‍ ശ്രീലങ്ക പരാജയപ്പെട്ടെങ്കിലും അപരാജിത സെഞ്ച്വറിക്ക് പിന്നാലെ മാത്യൂസിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്.

50 ഓവര്‍ ഫോര്‍മാറ്റില്‍ പന്തെറിഞ്ഞ 158 ഇന്നിങ്‌സില്‍ നിന്നുമായി 120 വിക്കറ്റാണ് മാത്യൂസ് നേടിയത്. 4.62 എന്ന മികച്ച എക്കോണമിയും 33.35 എന്ന ആവറേജുമാണ് താരത്തിനുള്ളത്. നാല് വിക്കറ്റ് നേട്ടം രണ്ട് തവണയും അഞ്ച് വിക്കറ്റ് നേട്ടം ഒരിക്കലും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

20 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മാത്യൂസിന്റെ മികച്ച ബൗളിങ് പ്രകടനം. 2009ലെ കോംപാക് കപ്പില്‍ ഇന്ത്യക്കെതിരെയായിരുന്നു മാത്യൂസ് തീ തുപ്പിയത്. രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ ധോണിയുടെയുമടക്കം വിക്കറ്റ് വീഴ്ത്തിയ താരം 139 റണ്‍സിന്റെ വമ്പന്‍ ജയമാണ് ലങ്കക്ക് നേടിക്കൊടുത്തത്. കളിയിലെ താരവും മാത്യൂസ് തന്നെയായിരുന്നു.

ലോകകപ്പിലും ഇതേ പ്രകടനം ആവര്‍ത്തിച്ച് ലങ്കയെ താങ്ങി നിര്‍ത്താന്‍ മാത്യൂസിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഒക്ടോബര്‍ 26നാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ലങ്കയുടെ എതിരാളികള്‍.

 

 

CONTENT HIGHLIGHT: Angelo Mathews replaces Matheesha Pathirana in 2023 World Cup