| Thursday, 26th October 2023, 6:10 pm

മൂന്ന് വര്‍ഷത്തിന് ശേഷമുള്ള മൂന്നാം പന്തില്‍ ഒളിപ്പിച്ച മാജിക്; മാത്യൂസ് യൂ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 23ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. 156 എന്ന കുഞ്ഞന്‍ ടോട്ടലിലാണ് ലങ്ക ഇംഗ്ലണ്ടിനെ പുറത്താക്കിയത്. ഈ ലോകകപ്പിലെ ഏറ്റവും മോശം ആദ്യ ഇന്നിങ്‌സ് സ്‌കോറാണിത്.

ലങ്കന്‍ ബൗളര്‍മാരുടെ മാന്ത്രിക പ്രകടനത്തിനാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും മോഡേണ്‍ ഡേ ഗ്രേറ്റ് ജോ റൂട്ടും വമ്പനടിവീരന്‍ ലിയാം ലിവിങ്സ്റ്റണും അടക്കമുള്ള താരങ്ങള്‍ സ്‌കോര്‍ കണ്ടെത്താന്‍ വലയുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ഡേവിഡ് മലനും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 45 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഡേവിഡ് മലനെ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് ഏയ്ഞ്ചലോ മാത്യൂസാണ് പുറത്താക്കിയത്. മത്സരത്തിലെ തന്റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു മാത്യൂസിന്റെ വിക്കറ്റ് നേട്ടം.

ഈ ലോകകപ്പിലെ മാത്യൂസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. യുവതാരം മതീശ പതിരാനക്ക് പരിക്കേറ്റതോടെയാണ് മാത്യൂസ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ബാക്കപ്പ് താരമായി മാത്യൂസ് ടീമിനൊപ്പം യാത്ര ചെയ്തിരുന്നു.

2020 മാര്‍ച്ചിലാണ് ഏയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കക്കായി അവസാനമായ പന്തെറിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിന്റെ ലങ്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലാണ് മാത്യൂസ് ഇതിന് മുമ്പ് അവസാനമായി പന്തെറിഞ്ഞത്.

അന്ന് പത്ത് ഓവര്‍ പന്തെറിഞ്ഞ് 59 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മാത്യൂസ് വീഴ്ത്തിയത്.

2019 ലോകകപ്പിലും സമാനമായ പ്രകടനം ഏയ്ഞ്ചലോ മാത്യൂസ് നടത്തിയിരുന്നു. 2019ന് ശേഷം ആദ്യമായി പന്തെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പൂരനെ മാത്യൂസ് പുറത്താക്കിയിരുന്നു. 2023 ലോകകപ്പിലെത്തിയപ്പോള്‍ മൂന്ന് വര്‍ഷത്തോളം പന്തെറിയാതിരുന്ന് പന്തെറിഞ്ഞ ആദ്യ മത്സരത്തിലെ മൂന്നാം പന്തില്‍ മാത്യൂസ് വിക്കറ്റ് വീഴ്ത്തി ലങ്കന്‍ നിരയില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ മോയിന്‍ അലിയെയും ഏയ്ഞ്ചലോ മാത്യൂസ് പുറത്താക്കിയിരുന്നു.

അതേസമയം, ലങ്കക്കായി ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാത്യൂസിന് പുറമെ കാസുന്‍ രജിതയും രണ്ട് വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ആദില്‍ റഷീദും റണ്‍ ഔട്ടായപ്പോള്‍ മഹീഷ് തീക്ഷണ ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.

73 പന്തില്‍ 45 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

Content Highlight: Angelo Mathews picks wicket in 3rd ball

We use cookies to give you the best possible experience. Learn more