ഐ.സി.സി വേള്‍ഡ് കപ്പില്‍ പുതിയ വിവാദങ്ങള്‍ക്കാണ് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം തിരികൊളുത്തിയിരിക്കുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിന്റെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ടൈംഡ് ഔട്ടായാണ് ഏയ്ഞ്ചലോ മാത്യൂസ് പുറത്തായത്. സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാനും ആദ്യ പന്ത് നേരിടാനും മാത്യൂസിന് സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും മാത്യൂസിനെ പുറത്താക്കുകയുമായിരുന്നു.
ക്രിക്കറ്റിന്റെ നിയമാവലികള്‍ തയ്യാറാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് അഥവാ എം.സി.സിയുടെ നിയമപ്രകാരമാണ് മാത്യൂസ് പുറത്തായിരിക്കുന്നത്. ഒരു ബാറ്ററെ പുറത്താക്കാനുള്ള 11 വഴികളില്‍ ഒന്നാണ് ടൈംഡ് ഔട്ട് / ടൈംഡ് ഔട്ട് അപ്പീല്‍.
(ക്രിക്കറ്റില്‍ ഒരു ബാറ്ററെ പുറത്താക്കാനുള്ള 11 വഴികള്‍ ഇതാണ്…)
ഏകദിന മത്സരത്തില്‍ ഒരു ബാറ്റര്‍ പുറത്തായി കൃത്യം മൂന്ന് മിനിട്ടിനകം അടുത്ത ബാറ്റര്‍ ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കുകയും ആദ്യ പന്ത് നേരിടുകയും വേണം (ടി-20യില്‍ 90 സെക്കന്‍ഡ്). ഇതിന് സാധിക്കാതെ വന്നതോടെയാണ് മാത്യൂസിനെ ടൈംഡ് ഔട്ട് റൂളിലൂടെ പുറത്താക്കാന്‍ ബംഗ്ലാ നായകന്‍ അപ്പീല്‍ ചെയ്തത്.
ഹെല്‍മെറ്റിലെ കേടുപാട് കാരണമാണ് തനിക്ക് ഗാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കാതെ വന്നതെന്ന് മാത്യൂസ് അമ്പയര്‍മാരോട് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തെ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമായും മാത്യൂസ് മാറി.
ഈ സംഭവത്തിന് പിന്നാലെ ബംഗ്ലാദേശിനും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനുമെതിരെ വ്യാപക വിമര്‍ശങ്ങളാണ് ഉയരുന്നത്. ഷാകിബ് കാണിച്ചത് മോശം പ്രവൃത്തിയാണെന്നും ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്തതാണെന്നും വിമര്‍ശനമുയരുന്നുണ്ട്.
എന്നാല്‍ ക്രിക്കറ്റിന്റെ നിയമപുസ്തകത്തില്‍ നിന്നുകൊണ്ടാണ് ഷാകിബ് അപ്പീല്‍ ചെയ്തതെന്നും ഇക്കാരണം കൊണ്ട് മാത്രം ഷാകിബിനെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും പറയുന്നവരും കുറവല്ല.
2006ല്‍ ഇന്ത്യ – സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരത്തിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇത്തരത്തില്‍ പുറത്താകാനുള്ള വഴികള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് പ്രോട്ടിയാസ് നായകന്‍ ഗ്രെയം സ്മിത് അപ്പീല്‍ ചെയ്തിരുന്നില്ല. ഈ സംഭവവും ഇതോടെ ചര്‍ച്ചകളിലേക്ക് ഉയരുന്നുണ്ട്.
നാഗനൃത്തവും മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സുകളുമായി കൊണ്ടും കൊടുത്തുമുള്ള ശ്രീലങ്ക – ബംഗ്ലാദേശ് റൈവല്‍റിയിലെ പുത്തന്‍ അധ്യായമായി മാത്യൂസിന്റെ പുറത്താകല്‍ മാറിയിരിക്കുകയാണ്.
അതേസമയം, ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സിന് ഓള്‍ ഔട്ടായിരിക്കുകയാണ്. സൂപ്പര്‍ താരം ചരിത് അസലങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്. ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 105 പന്തില്‍ നിന്നും 108 റണ്‍സാണ് അസലങ്ക നേടിയത്.
36 പന്തില്‍ 41 റണ്‍സ് നേടിയ ഓപ്പണര്‍ പാതും നിസംഗ, 42 പന്തില്‍ 41 റണ്‍സ് നേടിയ സധീര സമരവിക്രമ, 36 പന്തില്‍ 34 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വ എന്നിവരാണ് ശ്രീലങ്കക്കായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.
ബംഗ്ലാദേശിനായി തന്‍സിദ് ഹസന്‍ സാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാമും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം നേടി. ദുഷ്മന്ത ചമീര റണ്‍ ഔട്ടായപ്പോള്‍ മെഹ്ദി ഹസനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: Angelo Mathews out legal, fans criticize Shakib Al Hassan