ഷാകിബ് പുറത്തായതിനേക്കാള്‍ ഏയ്ഞ്ചലോ മാത്യൂസ് ഷാകിബിനെ പുറത്താക്കി എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. നേരത്തെ ലങ്കന്‍ ഇന്നിങ്‌സില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് റൂള്‍ ഉപയോഗിച്ച് ബംഗ്ലാദേശ് പുറത്താക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധകര്‍ ഷാകിബിന്റെ പുറത്താകല്‍ ആഘോഷമാക്കുന്നത്.
സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാതിരിക്കുകയും ആദ്യ പന്ത് നേരിടാതിരിക്കുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് മാത്യൂസിനെതിരെ അപ്പീല്‍ ചെയ്തത്. നിയമപ്രകാരം അമ്പയര്‍മാര്‍ മാത്യൂസിനെ പുറത്താക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമായും മാത്യൂസ് മാറി.
എന്നാല്‍ അതേ മത്സരത്തില്‍ മാത്യൂസ് ഷാകിബിന്റെ വിക്കറ്റെടുത്തതോടെ കാവ്യനീതിയാണ് ദല്‍ഹിയില്‍ പിറന്നതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
ഇതിന് പുറമെ 90 റണ്‍സ് നേടി സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയ ഷാന്റോയെയും മാത്യൂസ് പുറത്താക്കി. 34ാം ഓവറിലെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഷാന്റോ പുറത്തായത്.
അതേസമയം, ബംഗ്ലാദേശ് വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 35 ഓവര്‍ പിന്നിടുമ്പോള്‍ 224 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 13 പന്തില്‍ എട്ട് റണ്‍സുമായി മഹ്മദുള്ളയും നാല് പന്തില്‍ നാല് റണ്‍സുമായി മുഷ്ഫിഖര്‍ റഹീമുമാണ് ബംഗ്ലാദേശിനായി ക്രീസില്‍.
Content Highlight: Angelo Mathews dismissed Shakib Al Hasan