| Wednesday, 8th November 2023, 8:44 pm

'ഇനി ക്രിക്കറ്റെന്നും പറഞ്ഞ് ഷാകിബ് ശ്രീലങ്കയിലെത്തിയാല്‍ വെറുതെ വിടില്ല, ആളുകള്‍ കല്ലെടുത്തെറിയും'

സ്പോര്‍ട്സ് ഡെസ്‌ക്

ഏയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടീം ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയതിന്റെ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഷാകിബ് അല്‍ ഹസനെ ക്രിക്കറ്റ് ലോകം പ്രതിനായക സ്ഥാനത്ത് പ്രതിഷ്ഠിച്ച സംഭവമായിരുന്നു ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്നത്.

ലങ്കന്‍ ഇന്നിങ്‌സിലെ 25ാം ഓവരിലെ രണ്ടാം പന്തിലായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. സധീര സമരവിക്രമ പുറത്തായതിന് ശേഷം കൃത്യസമയത്ത് ഗാര്‍ഡ് സ്വീകരിക്കാനോ ആദ്യ പന്ത് നേരിടാനോ സാധിക്കാതെ വന്നതോടെയാണ് ബംഗ്ലാ നായകന്‍ ഏയ്ഞ്ചലോ മാത്യൂസിനെതിരെ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യുന്നത്.

ഹെല്‍മെറ്റിന്റെ പ്രശ്‌നം മൂലമാണ് തനിക്ക് ആദ്യ പന്ത് നേരിടാന്‍ സാധിക്കാതെ വന്നതെന്ന് മാത്യൂസ് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് അപ്പീലില്‍ ഉറച്ചുനിന്നതോടെ മാത്യൂസിന് പുറത്താകേണ്ടി വരികയായിരുന്നു.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമായും മാത്യൂസ് മാറി.

വിഷയത്തില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഏയ്ഞ്ചലോ മാത്യൂസിന്റെ സഹോദരന്‍ ട്രെവിന്‍ മാത്യൂസ്. ഷാകിബിന്റേത് ഒരിക്കലും ക്രിക്കറ്റിന്റെ അന്തസ്സിന് ചേര്‍ന്ന പരിപാടിയായിരുന്നില്ലെന്നും പ്രവൃത്തിയില്‍ ഏറെ നിരാശയുണ്ടെന്നും ട്രെവിന്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

‘ഒട്ടും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പില്ലാത്തതും ജെന്റില്‍മെന്‍സ് ഗെയിമിന്റെ അന്തസ് കളഞ്ഞുകുളിച്ചതുമായ ബംഗ്ലാദേശ് നായകന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയാണ്. അവന്റെ പ്രവൃത്തിയില്‍ ഏറെ നിരാശനാണ്. മനുഷ്യത്വരഹിതമായ പ്രവൃത്തിയായിരുന്നു അവന്റേത്.

ഇതുകൊണ്ടുതന്നെ ഷാകിബിനെ ശ്രീലങ്കയിലേക്ക് ഒരുകാര്യത്തിലും സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തിനോ ലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായോ അവന്‍ ശ്രീലങ്കയിലേക്ക് വരാന്‍ ശ്രമിച്ചാല്‍ ആരാധകര്‍ അവനെ കല്ലെടുത്തെറിയും,’ ട്രെവിന്‍ പറഞ്ഞു.

മത്സരം വിജയിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന് നിയമത്തിന്റെ വഴിയിലൂടെ എന്ത് ചെയ്യാനും താന്‍ ഒരുക്കമായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ഷാകിബ് പറഞ്ഞത്.

മത്സരശേഷം നടന്ന അഭിമുഖത്തിലായിരുന്നു ഷാകിബ് ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളുടെ ഫീല്‍ഡര്‍മാരില്‍ ഒരാള്‍ (നജ്മുല്‍ ഹൊസൈന്‍ ഷാന്റോ) നിങ്ങള്‍ ഇപ്പോള്‍ അപ്പീല്‍ ചെയ്താല്‍ അവന്‍ പുറത്താകുമെന്ന് എന്നോട് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അപ്പീല്‍ ചെയ്തു. അപ്പീലുമായി മുമ്പോട്ട് പോകുന്നുണ്ടോ, അതോ പിന്‍വലിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ എന്നോട് ചോദിച്ചു.

ഇത് ക്രിക്കറ്റിന്റെ നിയമത്തിലുള്ളതാണ്. ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഞാനൊരു യുദ്ധത്തിലായിരുന്നു, എന്റെ ടീം വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടിവന്നു.

ഇത് ശരിയോ തെറ്റോ എന്നതിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകും, പക്ഷേ അത് നിയമവിധേയമാണെങ്കില്‍ അത് മുതലാക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല,’ ഷാകിബ് പറഞ്ഞു.

Content Highlight: Angelo Mathews’ brother Trevin Mathews slams Shakib Al Hasan

We use cookies to give you the best possible experience. Learn more