|

ചരിത്രത്തിലാദ്യം, 11ാമത് വഴിയില്‍ പുറത്താകുന്ന ആദ്യ ബാറ്റര്‍; ക്രീസിലെത്തും മുമ്പേ പുറത്തായി മാത്യൂസ്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററായി ഏയ്ഞ്ചലോ മാത്യൂസ്. ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിലാണ് മാത്യൂസിന് ഇത്തരത്തില്‍ പുറത്താകേണ്ടി വന്നത്.

ക്രിക്കറ്റില്‍ 11 വിധത്തിലാണ് ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കുക. ബൗള്‍ഡ്, കോട്ട് ഔട്ട്, ലെഗ് ബിഫോര്‍ വിക്കറ്റ്, റണ്‍ ഔട്ട്, സ്റ്റംപ്ഡ്, ഹിറ്റ് വിക്കറ്റ്, ഹാന്‍ഡില്‍ഡ് ദി ബോള്‍, ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡ്, ഹിറ്റിങ് ദി ബോള്‍ ടൈ്വസ്, റിട്ടയര്‍ഡ് ഔട്ട്, ടൈംഡ് ഔട്ട് എന്നിവയാണ് ആ 11 വിധത്തിലുള്ള ഡിസ്മിസ്സലുകള്‍.

(ക്രിക്കറ്റില്‍ ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കുന്ന 11 വഴികള്‍ ഇതാണ്…)

ഏകദിനത്തില്‍ ഒരു ബാറ്റര്‍ പുറത്തായി കൃത്യം മൂന്ന് മിനിട്ടിനുള്ളില്‍ തന്നെ ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കുകയും ആദ്യ പന്ത് നേരിടുകയും ചെയ്യണമെന്നാണ് എം.സി.സി (മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്) അനുശാസിച്ചിരിക്കുന്നത്. (ടി-20യില്‍ ഇത് ഒന്നര മിനിട്ടാണ്). ഈ നിയമം പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മാത്യൂസിനെതിരെ ബംഗ്ലാദേശ് അപ്പീല്‍ ചെയ്തത്.

സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്താന്‍ സാധിക്കാതെ പോയതോടെയാണ് മാത്യൂസിന് പുറത്താകേണ്ടി വന്നത്. ഹെല്‍മെറ്റിലെ കേടുപാട് കാരണമാണ് മാത്യൂസിന് കൃത്യസമയത്ത് ക്രീസിലെത്താനും ഗാര്‍ഡ് സ്വീകരിക്കാനും സാധിക്കാതെ വന്നത്.

ഇതോടെ ബംഗ്ലാദേശ് അപ്പീല്‍ ചെയ്യുകയും ടൈംഡ് ഔട്ടായി മാത്യൂസ് പുറത്താവുകയുമായിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ മാത്യൂസ് ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് അപ്പീലില്‍ ഉറച്ചുനിന്നതോടെ ഒറ്റ പന്ത് പോലും നേടാന്‍ സാധിക്കാതെ മാത്യൂസ് പുറത്താവുകയായിരുന്നു.

അതേസമയം, 45 ഓവര്‍ പിന്നിടുമ്പോള്‍ 252 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. 95 പന്തില്‍ 90 റണ്‍സുമായി ചരിത് അസലങ്കയും 26 പന്തില്‍ 17 റണ്‍സുമായി മഹീഷ് തീക്ഷണയുമാണ് ക്രീസില്‍.

Content highlight: Angelo Mathews becomes the first player to dismiss through times out rule