അര്‍ബുദസാധ്യത: നടി ആഞ്ജലീന സ്തനങ്ങള്‍ നീക്കം ചെയ്തു
Movie Day
അര്‍ബുദസാധ്യത: നടി ആഞ്ജലീന സ്തനങ്ങള്‍ നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2013, 10:08 am

ന്യൂയോര്‍ക്ക്: അര്‍ബുദം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ രണ്ട് സ്തനവും നീക്കംചെയ്‌തെന്ന് ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി വെളിപ്പെടുത്തി.

ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ കോളത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. []

സ്തനാര്‍ബുദം വരാനുള്ള സാധ്യത 87 ശതമാനവും അണ്ഡായശയ അര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനവുമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ മാസം താന്‍ വിധേയയായെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

അര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന് ശക്തിപകരാന്‍ വിവരം വെളിപ്പെടുത്താന്‍ തയ്യാറായ മുപ്പത്തേഴുകാരിയുടെ ധീര തീരുമാനത്തെ ജീവിതപങ്കാളിയായ ഹോളിവുഡ് താരം ബ്രാഡ് പിറ്റും ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരും വാഴ്ത്തി.

സ്തനഅണ്ഡാശയ അര്‍ബുദത്തിന് ഇടയാക്കുന്ന ബിആര്‍സിഎ1 ജീന്‍ ഉള്ളതായി ബോധ്യപ്പെട്ടതോടെയാണ് ആഞ്ജലീന ശസ്ത്രക്രിയക്ക് തയ്യാറായത്.

അണ്ഡാശയ അര്‍ബുദം ബാധിച്ചാണ് ആഞ്ജലീനയുടെ അമ്മ അമ്പത്തേഴാംവയസ്സില്‍ മരിച്ചത്. പാരമ്പര്യമായി തനിക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സ്തനാര്‍ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും അവബോധമുണ്ടാകാനാണ് താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച കുടുംബ ചരിത്രമുള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.

മൂന്നു മാസം നീണ്ട ശസ്ത്രക്രിയാ പ്രക്രിയ ഏപ്രില്‍ 27നാണ് പൂര്‍ത്തിയായത്. ഇതോടെ ആഞ്ജലീനയുടെ സ്തനാര്‍ബുദ സാധ്യത അഞ്ചുശതമാനമായി കുറഞ്ഞു.

ബ്രാഡ്പിറ്റ്ആഞ്ജലീന ജോഡിക്ക് മൂന്നു കുട്ടികളുണ്ട്. ഇരുവരും മറ്റ് മൂന്നു കുട്ടികളെ ദത്തെടുത്തിട്ടുമുണ്ട്. അഭിനയത്തിന് രണ്ട് ഓസ്‌കര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആഞ്ജലീന ഒരു സിനിമ സംവിധാനംചെയ്തിട്ടുണ്ട്. അഭയാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭാ സന്ദേശ പ്രചാരകയായി പ്രവര്‍ത്തിച്ചിരുന്നു.