ബോളിവുഡ് നടന്‍ ബ്രാഡ് പിറ്റില്‍ നിന്ന് തനിക്കും ആറ് മക്കള്‍ക്കും നേരിട്ട പീഡനങ്ങള്‍ തുറന്നുപറഞ്ഞ് നടി ആഞ്ജലീന ജോളി. വിവാഹ മോചനത്തിന് മുമ്പ് വിമാനത്തില്‍ വെച്ചുണ്ടായ മോശമായ അനുഭവത്തെക്കുറിച്ചാണ് ആഞ്ജലീന ജോളി തുറന്നടിച്ചത്.
ഇരുവരുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശം സംബന്ധിച്ചുള്ള കേസിലാണ് ബ്രാഡ് പിറ്റില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആഞ്ജലീന പറഞ്ഞത്.
മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചു. വിമാനത്തില്‍ വെച്ച് ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു. മക്കളുടെ മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിച്ചു, ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ചു, മുടി പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചുവെന്നും തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ആഞജലീന പിറ്റിനെതിരെ ആരോപിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരെ കുറ്റം ചുമത്തിയില്ലെന്നും ആഞ്ജലീന പറഞ്ഞു. 2016ലെ ഈ വിമാന യാത്രയ്ക്ക് പിന്നാലെയാണ് ആഞ്ജലീന വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കിയതെന്നും അവര്‍ പറഞ്ഞു.
ബിസിനസിലെ ഷെയര്‍ തനിക്ക് നല്‍കണമെങ്കില്‍ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നുവെന്നും അതിനാലാണ് ബ്രാഡ് പിറ്റിന്റെ പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാതിരുന്നത് എന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആഞ്ജലീന ജോളിയുടെ ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ബ്രാഡ് പിറ്റിന്റെ അഭിഭാഷകന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജോളിയുടെ ആരോപണങ്ങള്‍ ബ്രാഡ് പിറ്റ് തള്ളിയെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.