World News
ജര്‍മനിയിലെ പ്രളയം: നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍; മരണം 180 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 19, 02:52 am
Monday, 19th July 2021, 8:22 am

ബെര്‍ലിന്‍: ജര്‍മനിയിലുണ്ടായ പ്രളയത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു.

നിലവിലെ കണക്ക് പ്രകാരം 180 പേരാണ് പ്രളയത്തില്‍ മരിച്ചത്. നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

അതിനിടെ പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ട ധനസഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആഞ്ജല മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്.

‘ഈ സ്ഥിതി ഭയപ്പെടുത്തുന്നതാണ്. നിലവിലെ രാജ്യത്തിന്റെ അവസ്ഥയെ വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയുന്നില്ല. ശക്തമായ രാജ്യമാണ് ജര്‍മനി. ഈ പ്രകൃതി ദുരന്തത്തെ ഞങ്ങള്‍ ധൈര്യമായി തന്നെ നേരിടും,’ മെര്‍ക്കല്‍ പറഞ്ഞു.

എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന ഹൃദയം നുറുങ്ങുന്നതാണെന്നും എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീയര്‍ പറഞ്ഞു.

ഒരാഴ്ചക്ക് ശേഷം മാത്രമേ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനുശേഷമായിരിക്കും ദുരിതാശ്വാസ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കുകയെന്നും ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം നിലവില്‍ വെള്ളത്തിന്റെ നില ഉയരാതെ തുടരുന്നതിനാല്‍ ഒരുപക്ഷെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കില്ലെന്ന പ്രതീക്ഷയും വാസന്‍ബര്‍ഗ് പ്രവിശ്യയിലെ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Angela Merkel describes German flood devastation as terrifying